ന്യൂഡൽഹി: കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷകരമായ ബജറ്റാണ് ഇന്ന് അവതരിപ്പിച്ചതെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. പലിശ രഹിത വായ്പ തുടരുമെന്നുള്ള പ്രഖ്യാപനം കേരളത്തിന് പ്രയോജനകരമാകുമെന്നും വി.മുരളീധരൻ പറഞ്ഞു. വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ദിശാബോധമേകുന്ന ബജറ്റാണ് ഇന്ന് അവതരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
‘വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ദിശാബോധമേകുന്ന ബജറ്റാണ് ഇന്ന് ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത്. കഴിഞ്ഞ 10 വർഷ കാലത്തിനിടയിൽ രാജ്യത്തെ ദരിദ്ര ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും യുവാക്കൾക്കും കർഷകർക്കും പ്രത്യേകം ഊന്നൽ നൽകി കൊണ്ടുള്ള പദ്ധതികൾ അവതരിപ്പിക്കാനും സാധിച്ചു. ആ പദ്ധതികളൊക്കെ തുടരുമെന്ന പ്രഖ്യാപനമാണ് ഇന്ന് നടത്തിയത്.
സംസ്ഥാനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയുള്ള പലിശ രഹിത വായ്പ തുടരുമെന്നും ധനകാര്യമന്ത്രി പ്രഖ്യാപിച്ചു. കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷകരമായ ബജറ്റാണിത്. കാരണം, കേരളം കടക്കെണിയിൽ മുങ്ങി നിൽക്കുന്നു. കേരളത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്ന സാഹചര്യത്തിൽ, അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയിട്ട് പലിശ രഹിത വായ്പ തുടരുമെന്നുള്ള പ്രഖ്യാപനം കേരളത്തിന് പ്രയോജനകരമാകും.
ടൂറിസം മേഖലയിൽ പ്രത്യേകമായിട്ടുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. പലിശ രഹിതമായ ആനുകൂല്യങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം ഒരു കോടി വീടുകൾക്ക് സൗരോർജ്ജ പാനലുകൾ ലഭിക്കാൻ സാഹചര്യമുണ്ടാക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണക്കാർക്ക് സൗരോർജ്ജ പാനലുകളിലൂടെ ദൈനംദിനമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സാധിക്കും. 2047-ലെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയ്‌ക്ക് ദിശാബോധമേകുന്ന ബജറ്റാണിത്.’- വി.മുരളീധരൻ പറഞ്ഞു.















