ന്യൂഡൽഹി: ഇടക്കാല ബജറ്റ് നൂതനവും വികസനത്തിന്റെ തുടർച്ചയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2047-ഓടെ വികസിത ഭാരതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തും. ബജറ്റിന് ശേഷം രാജ്യത്ത് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇടക്കാല ബജറ്റ് ‘യുവ ഇന്ത്യയുടെ യുവാഭിലാഷങ്ങളുടെ’ പ്രതിഫലനമാണ്. രാജ്യത്തിന്റെ നാല് സുപ്രധാന സ്തംഭങ്ങളായ യുവാക്കൾ, ദരിദ്രർ, സ്ത്രീകൾ, കർഷകർ എന്നിവരുടെ ശാക്തീകരണമാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. ഈ ബജറ്റ് 2047- ഓടെ വികസിത ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ഉറപ്പാണ്. നിർമ്മലാ സീതാരാമനെയും ധനകാര്യ മന്ത്രാലയത്തിലെ ഉദ്യേഗസ്ഥരെയും അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു
എല്ലാവരേയും ഉൾക്കൊള്ളുന്നതും പുതുമയുള്ളതുമാണ് ഇടക്കാല ബജറ്റ്. ദരിദ്രരുടെയും ഇടത്തരക്കാരുടെയും ശാക്തീകരണത്തിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് ബജറ്റ് ഊന്നൽ നൽകുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലും പാവപ്പെട്ടവർക്കായി ഇതിനകം നാല് കോടിയിലധികം വീടുകളാണ് കേന്ദ്രസർക്കാർ നിർമിച്ചത്. ദരിദ്രർക്കായി രണ്ട് കോടി വീടുകൾ കൂടി നിർമ്മിക്കുമെന്നത് ബജറ്റിലെ സുപ്രധാന പ്രഖ്യാപനമാണ്.
യുവജനങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ടാണ് ഗവേഷണത്തിനായി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് നീക്കിവെച്ചത്. ധനക്കമ്മി നിയന്ത്രണവിധേയമാക്കാൻ മൂലധനച്ചെലവ് 11.11 ലക്ഷം കോടി രൂപയായി ഉയർത്താൻ ഇടക്കാല ബജറ്റിൽ നിർദേശിച്ചിട്ടുണ്ടെന്നും
പ്രധാനമന്ത്രി വീഡിയോ പ്രസംഗത്തിൽ പറഞ്ഞു.















