ന്യൂഡൽഹി: രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ അവസാന ബജറ്റ് പ്രഖ്യാപനം വികസനത്തിൽ ഊന്നൽ നൽകി കൊണ്ടുള്ളതാണെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ കീഴിൽ ഭാരതം കൈവരിച്ച ഓരോ നേട്ടങ്ങളും എടുത്തു പറയേണ്ടതാണ്. കഴിഞ്ഞ ദശകത്തിൽ ഭാരതത്തിലുണ്ടായ സമഗ്രമായ പുരോഗതിയാണ് ബജറ്റ് വിലയിരുത്തിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
”കർഷകർ, സ്ത്രീകൾ, യുവാക്കൾ തുടങ്ങിയവരാണ് രാജ്യത്തിന്റെ സമ്പത്ത്. കാർഷിക മേഖലയ്‌ക്ക് പ്രത്യേക ഊന്നൽ നൽകുന്ന ഇത്തവണത്തെ ബജറ്റിൽ ക്ഷീരകർഷകരുടെ ക്ഷേമം ഉറപ്പു വരുത്തുകയും കാർഷിക മേഖലകൾ മെച്ചപ്പെടുത്തുന്നതിനായി നിരവധി പുതിയ പദ്ധതികൾക്കുമാണ് തുടക്കം കുറിച്ചിരിക്കുന്നത്. വികസിത ഭാരതം, ആത്മനിർഭര ഭാരതം എന്നിവയാണ് നമ്മുടെ ലക്ഷ്യം. പ്രധാനമന്ത്രിയുടെ പി.എം ആവാസ് യോജന, ഗരീബ് കല്യാൺ യോജന, ആയുഷ്മാൻ കാർഡ് സ്‌കീം തുടങ്ങി നിരവധി പദ്ധതികളിലൂടെ അർഹതപ്പെട്ടവരിലേക്ക് ആനുകൂല്യങ്ങൾ എത്തുന്നുണ്ട്. ഇതെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന മേഖലകളിൽ ഭാരതം കൈവരിച്ച നേട്ടങ്ങൾ തുറന്നു കാണിക്കുന്നു”- ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.
അടുത്ത അഞ്ച് വർഷത്തിൽ ഇന്ത്യ കൈവരിക്കാൻ പോകുന്ന വികസന മുന്നേറ്റങ്ങളാണ് ബജറ്റിലൂടെ ധനമന്ത്രി നിർമല സീതാരാമൻ ഊന്നി പറഞ്ഞത്. യുവജനങ്ങളുടെ അഭിലാഷങ്ങൾക്ക് പ്രാധാന്യം നൽകുന്നതും രാജ്യത്തെ എല്ലാ ജനങ്ങളെയും ഒരു പോലെ ഉൾക്കൊള്ളുന്നതുമായിരുന്നു കേന്ദ്രസർക്കാരിന്റെ ഇടക്കാല ബജറ്റ് പ്രഖ്യാപനം. യുവജനങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ട് 1 ലക്ഷം കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നതെന്നും സ്ത്രീശാക്തീകരണത്തിനും കേന്ദ്രസർക്കാർ പ്രാധാന്യം നൽകുന്നുവെന്നും ജ്യോദിരാദിത്യ സിന്ധ്യ വ്യക്തമാക്കി.















