ലക്നൗ: എട്ട് നഗരങ്ങളിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള വിമാന സർവീസുകൾ ഉദ്ഘാടനം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, വി കെ സിംഗ് എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. അയോദ്ധ്യ രാമക്ഷേത്രത്തിലെത്തുന്ന തീർത്ഥാടകർക്ക് യാത്രാ സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി ആരംഭിച്ചത്.
ദർബംഗ, അഹമ്മദാബാദ്, ചെന്നൈ, ജയ്പൂർ, പട്‌ന, ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് സ്‌പൈസ് ജെറ്റ് നോൺ-സ്റ്റോപ്പ് വിമാനം സർവീസ് ആരംഭിച്ചത്. അയോദ്ധ്യ സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്കും ഇത് സൗകര്യപ്രദമാകുമെന്ന് ഉദ്ഘാടനത്തിന് ശേഷം യോഗി ആദിത്യനാഥ് പറഞ്ഞു. അയോദ്ധ്യയുടെ സൗന്ദര്യവും പാരമ്പര്യവും ലോകത്തിന് മുന്നിൽ എടുത്തുകാട്ടാൻ എല്ലാ പൗരന്മാരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയോദ്ധ്യ രാജ്യത്തിന്റെ വിശ്വാസത്തിന്റെ പ്രതീകമാണ്. ഓരോ അയോദ്ധ്യ നിവാസിയും നഗരത്തിന്റെ വികസനത്തിനായി ആഗ്രഹിച്ചു. ഇന്ന് ആ സ്വപ്നം ഒന്നൊന്നായി യാഥാർത്ഥ്യമാവുകയാണ്. ബാലകരാമനെ ദർശിക്കുന്നതിനായി പതിനായിരക്കണക്കിന് ഭക്തരാണ് ദിനംപ്രതി ക്ഷേത്രദർശനം നടത്തുന്നത്. വിമാന സർവീസുകൾ ആരംഭിക്കുന്നതിലൂടെ ഭക്തർക്ക് സൗകര്യപ്രദമായി യാത്ര ചെയ്യാൻ സാധിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
അയോദ്ധ്യയിലേക്കുള്ള പുതിയ വിമാന സർവീസുകൾ
അയോദ്ധ്യ-ഡൽഹി: ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ് നടത്തും. അയോദ്ധ്യയിൽ നിന്ന് രാവിലെ 8:40-നും ഡൽഹിയിൽ നിന്ന് 10:40-നുമാണ് സർവീസ്
ചെന്നൈ-അയോദ്ധ്യ: പ്രതിദിന സർവീസ്. ചെന്നെെയിൽ നിന്ന് 12:40-നും അയോദ്ധ്യയിൽ നിന്ന് വൈകുന്നേരം നാല് മണിക്കുമാണ് സർവീസ്.
അഹമ്മദാബാദ്- അയോദ്ധ്യ: ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ് നടത്തും.
മുംബൈ-അയോദ്ധ്യ : മുംബൈയിൽ നിന്ന് 08:20-നും അയോദ്ധ്യയിൽ നിന്ന് 11:15-നും പുറപ്പെടും.
ജയ്പൂർ-അയോദ്ധ്യ , പട്ന-അയോദ്ധ്യ, ദർഭംഗ-അയോദ്ധ്യ: ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ മാത്രം സർവീസ് നടത്തും.
ബെംഗളൂരു-അയോദ്ധ്യ, അയോദ്ധ്യ-ബെംഗളൂരു : തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തും.















