ന്യൂഡൽഹി: MQ-9B ആളില്ലാ സായുധ ഡ്രോണുകൾ ഇന്ത്യക്ക് വിൽക്കാൻ യുഎസ്. ഇതിനായി അംഗീകാരം നൽകിയതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പ്രസ്താവന ഇറക്കി. 2023 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യുഎസ് സന്ദർശനത്തിലാണ് മെഗാ ഡ്രോൺ വാങ്ങാനുള്ള കരാർ ഒപ്പിട്ടത്. സമുദ്ര മേഖലകളിലെ നിരീക്ഷണത്തിന് മുതൽകൂട്ടാകുന്നതാണ് ഈ ഇടപാട്. രാജ്യം നേരിടുന്ന ഭീഷണികളെ തകർക്കാൻ ശക്തി നൽകുന്നതാണ് ഡ്രോണുകളുടെ വരവ്.
3.99 ബില്യൺ യുഎസ് ഡോളറിനാണ് MQ-9B റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റും അനുബന്ധ ഉപകരണങ്ങളും ഇന്ത്യ വാങ്ങുന്നത്. ഇടപാട് ഇന്ത്യ-യു.എസ് നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുമെന്നും ഇന്തോ-പസഫിക്, ദക്ഷിണേഷ്യ മേഖലയിലെ സാമ്പത്തിക പുരോഗതിക്ക് വഴിതുറക്കും. ഇന്ത്യയുടെ സായുധ സേനയുടെ നിരീക്ഷണ ശേഷി വർദ്ധിപ്പിക്കാനാണ് ഡ്രോണുകൾ വാങ്ങുന്നത്. ചൈന, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ അതിർത്തികളിൽ ഡ്രോണുകൾ വിന്യസിക്കുന്നതോടെ പ്രദേശം പൂർണമായും ഇന്ത്യയുടെ നിരീക്ഷണ വലയത്തിലാകും.
കരാർ പ്രകാരം, 31 ഹൈ ആൾട്ടിറ്റ്യൂഡ് ലോംഗ് എൻഡുറൻസ് ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്. ഇതിൽ 15 സീഗാർഡിയൻ ഡ്രോണുകൾ നാവികസേനയ്‌ക്കും എട്ട് വീതം കരസേനയ്‌ക്കും ഇന്ത്യൻ എയർഫോഴ്‌സിനും നൽകും. ജനറൽ അറ്റോമിക്സ് എയറോനോട്ടിക്കൽ സിസ്റ്റംസാണ് ഡ്രോണുകളുടെ കരാറുകാരൻ.















