ന്യൂഡൽഹി: വികസിത ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള ബജറ്റാണ് പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തയ്യാറാക്കിയ ബജറ്റാണ് ഇതെന്ന ആരോപണം പൂർണമായും തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. ” വിക്ഷിത് ഭാരത് എന്നതിന്റെ അടിത്തറയെ ഊട്ടി ഉറപ്പിക്കുന്നതിനുള്ള ബജറ്റാണ് ഇത്. യുവാക്കളുടെ പ്രതീക്ഷകൾ കരുത്ത് പകരുന്നതാണ് ഈ ബജറ്റ്.
തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തയ്യാറാക്കിയ ബജറ്റാണ് ഇതെന്ന ആരോപണം തെറ്റാണ്. തുടർച്ചയായി മൂന്നാം വട്ടവും അധികാരത്തിലെത്താൻ സർക്കാരിന്റെ ഇതുവരെയുള്ള ട്രാക്ക് റെക്കോർഡ് പരിശോധിച്ചാൽ മതിയാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ 10 വർഷത്തെ ഭരണത്തിന്റെ ഹിത പരിശോധന കൂടിയാകും ഇത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയത്, പൗരത്വ ഭേദഗതി നിയമം, മുത്തലാഖ് നിരോധനം, അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം എന്നിങ്ങനെ ഓരോ വാഗ്ദാനങ്ങളും ഈ സർക്കാർ നടപ്പാക്കി തന്നെ കാണിച്ചിട്ടുള്ളതാണ്. അതേപോലെ തന്നെയാണ് വിക്ഷിത് ഭാരത് എന്ന വികസിത ഇന്ത്യ പടുത്തുയർത്തുമെന്ന വാഗ്ദാനം. അടുത്ത 25 വർഷത്തെ വികസനപാതയിൽ അടുത്ത അഞ്ച് വർഷം വളരെ നിർണായകമാണെന്നും” അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യത്തിന്റെ 100 വർഷം തികയുന്ന 2047ഓടെ ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കി മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് പാർലമെന്റിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു.