വാഷിംഗ്ടൺ: വെല്ലുവിളികളും അനിശ്ചിതത്തങ്ങളും നിറഞ്ഞ ലോകത്ത് സ്ഥിരതയുടെ സ്തംഭമായി ഭാരതം നിലകൊള്ളുന്നുവെന്ന് യുഎസ്-ഇന്ത്യൻ ബിസിനസ് കൗൺസിൽ (USIBC) പ്രസിഡന്റ് അംബാസഡർ അതുൽ കേശപ്. ഇന്ത്യ കൈവരിക്കുന്ന നേട്ടങ്ങളെ തൂണായി കാണാം. അനിശ്ചിത ലോകത്ത് സ്ഥിരത കൈവരിക്കുന്നതിന്റെ തെളിവാണിത്. ആഗോളമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും അഭിവൃദ്ധിപ്പെടുന്നതിലും അമേരിക്കയും ഇന്ത്യയും സംയുക്തമായി മുന്നോട്ടുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ജനാധിപത്യ രാജ്യങ്ങളാണ് ഇന്ന് ലോകത്തെ നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റിനെയും അദ്ദേഹം പ്രശംസിച്ചു. ഇന്ത്യൻ ജനതയുടെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്ന പരിവർത്തനം പ്രശംസനീയമാണ്. പുതുതായി 10 ദശലക്ഷം റൂഫ്ടോപ്പ് സോളാർ പാനലുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഏറെ പ്രതീക്ഷകൾ നൽകുന്നു. കേവലം ശാസ്ത്രത്തിന്റെ കൽപനശക്തി മാത്രമാണെന്ന് കരുതിയിരുന്ന കാര്യത്തെ യാഥാർത്ഥ്യമാക്കുന്നത് കാണുമ്പോൾ പ്രചോദനം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ ജൽ ജീവൻ മിഷൻ തന്നെ അത്ഭുതപ്പെടുത്തിയിരുന്നു, സമാനമായ അനുഭൂതിയാണ് സോളാർ പാനലിന്റെ പ്രഖ്യാപനവും നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ലോകത്തെ ഏത് സർക്കാരിനെയും അപേക്ഷിച്ച് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ സ്വപ്ന പദ്ധതിയായിരുന്നു ജൽ ജീവൻ മിഷൻ എന്നും അതുൽ കേശപ് പറഞ്ഞു.
പരിസ്ഥിതി സൗഹാർദമായ നിരവധി സംരംഭങ്ങൾക്കാണ് ബജറ്റിൽ പ്രഖ്യാപനങ്ങൾ ഉണ്ടായത്. വൈദ്യുതിക്കായി സോളാർ പാനലുകളെ ആശ്രയിക്കുന്നത് സുസ്ഥിര വികസനത്തിലേക്കുള്ള ചുവടുവെപ്പാണ്. പൗരന്മാരുടെ ആരോഗ്യത്തെ സംരക്ഷിക്കും വിധത്തിലുള്ള പദ്ധതികളെയും അദ്ദേഹം പ്രശംസിച്ചു. ആത്മവിശ്വാസം പകരുന്ന, സമചിത്തതയുള്ള, വികസനം ഉറപ്പ് നൽകുന്ന ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.















