ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡിന്റെ അന്തിമ കരട് റിപ്പോർട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് സമർപ്പിച്ചു. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ധാമിയുടെ ഔദ്യോഗിക വസതിയിൽ വച്ചാണ് കരട് റിപ്പോർട്ട് സമർപ്പിച്ചത്.
ഫെബ്രുവരി 5-ന് നടക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ച് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള ലക്ഷ്യത്തിലേക്കാണ് തന്റെ സർക്കാർ എത്തുന്നതെന്ന് റിപ്പോർട്ട് സ്വീകരിച്ചുകൊണ്ട് ധാമി പറഞ്ഞു. അന്തിമ കരട് റിപ്പോർട്ടിനായി ഉത്തരാഖണ്ഡ് സർക്കാർ ദിവസങ്ങളായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. റിപ്പോർട്ട് പരിശോധിച്ച് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം നിയമസഭയിൽ അവതരിപ്പിക്കുമെന്നും പുഷ്കർ സിംഗ് ധാമി ചടങ്ങിൽ പറഞ്ഞു.
സംസ്ഥാനത്തെ ജനങ്ങൾക്ക് ഇന്നത്തെ ദിനം വളരെ സുപ്രധാനമാണെന്ന് മുഖ്യമന്ത്രി രാവിലെ എക്സിലൂടെ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നമായ ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന ആശയം സാക്ഷാത്കരിച്ചുകൊണ്ട് കൂടുതൽ ശക്തിയോടെ ഞങ്ങൾ മുന്നോട്ട് പോവുകയാണെന്നാണ് പുഷ്കർ സിംഗ് ധാമി എക്സിൽ കുറിച്ചത്.















