മുംബൈ: രണ്ട് ദിവസം മുമ്പ് മുംബൈയിലെ ഘട്ഘോപരിൽ 17കാരി ആത്മഹത്യ ചെയ്തതിൽ 26 കാരന്റെ പേരിൽ പ്രേരണകുറ്റത്തിന് കേസെടുത്തു. പെൺകുട്ടിയുമായുള്ള ഇയാളുടെ ബന്ധത്തെകുറിച്ച് കുടുംബം പോലീസിൽ പരാതി പറഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഘട്‌കോപ്പറിലെ കാമരാജ് നഗറിൽ മാതാപിതാക്കളോടും മൂത്ത സഹോദരനോടുമൊപ്പമാണ് പെൺകുട്ടി താമസിക്കുന്നത്. ഈ കെട്ടിടത്തിൽ നിന്നും ചാടിയാണ് പെൺകുട്ടിയുടെ ആത്മഹത്യ. ഒന്നാം വർഷ ജൂനിയർ കോളേജ് വിദ്യാർത്ഥിനിയായിരുന്നു പെൺകുട്ടി. ആത്മഹത്യാ വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തി പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും എത്തും മുമ്പ് മരിച്ചു.
അപകടമരണമായാണ് കേസ് ആദ്യം രജിസ്റ്റർ ചെയ്തതെങ്കിലും രാത്രി ഇരയുടെ അമ്മയായ 41കാരി പോലീസിനെ സമീപിച്ചതോടെ സ്ഥിതി മാറി, പ്രായപൂർത്തിയാകാത്ത തന്റെ മകൾ ശുഭം ഖരാത്തിന് 26 കാരനുമായി ബന്ധമുണ്ടെന്നും തങ്ങൾ താമസിക്കുന്ന അതേ സ്ഥലത്താണ് ഖരാത്ത് താമസിക്കുന്നതെന്നും അമ്മ പോലീസിനോട് പറഞ്ഞു. മകൾ പ്രായപൂർത്തിയായിട്ടില്ലെന്ന് അറിഞ്ഞുകൊണ്ടാണ് ഖരാത്ത് മകളെ പ്രണയിച്ചത്. നിരവധി സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ട്. മകളെ മനപൂർവ്വം വഞ്ചിക്കുകയായിരുന്നു. ഖരാത്തിന്റെ ഈ സ്വഭാവത്തെ കുറിച്ച് അറിഞ്ഞ മകൾ മനോവിഷമത്താലാണ് ആത്മഹത്യ ചെയ്തത്. പെൺകുട്ടിയുടെ മാതാവ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
പെൺകുട്ടി എവിടെ നിന്നാണ് ചാടിയതെന്ന് ഇപ്പോഴും വ്യക്തമല്ല. താഴെ നിന്നും ലിഫ്റ്റ് ഉപയോഗിച്ച് 17-ാം നിലയിലെത്തി അവിടെ നിന്നും ചാടി എന്നാണ് കരുതുന്നത്. ആത്മഹത്യ പ്രേരണ കുറ്റം പ്രകാരം ശുഭം ഖരാത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും സീനിയർ പോലീസ് ഇൻസ്പെക്ടർ രാജേഷ് കേവാലെ പറഞ്ഞു.