കോഴിക്കോട്: ഒരു കുടുംബത്തിലെ അഞ്ച് പേരെ കാണാനില്ലെന്ന് പരാതി. കൂരാച്ചുണ്ട് എരപ്പാംതൊടി മധുഷെട്ടിയുടെ ഭാര്യയെയും മക്കളെയും ബന്ധുക്കളെയുമാണ് കാണാതായിരിക്കുന്നത്. കഴിഞ്ഞ മാസം 20-മുതൽ ഇവരെ കാണാനില്ലെന്ന് പറയുന്നു. എല്ലാവരുടെയും മൊബൈൽ ഫോണുകൾ ഓഫാണെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ ഇവരെ കണ്ടെത്തുന്നതിനായി കൂരാച്ചുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സർക്കസുകാരായ മധുഷെട്ടിയും കുടുംബവും കഴിഞ്ഞ പത്ത് വർഷത്തോളമായി കോഴിക്കോട് കൂരാച്ചുണ്ടിലാണ് താമസം.മധു ഷെട്ടിയുടെ ഭാര്യ സ്വപ്ന, മക്കളായ പൂജശ്രീ (13) കാവ്യശ്രീ (12) സ്വപ്നയുടെ സഹോദരിയുടെ മക്കളായ ഭാരതി (18) തേജ് (17), എന്നിവരെയാണ് കഴിഞ്ഞ മാസം 20-ാം തീയതി മുതൽ കാണാതായിരിക്കുന്നത്. 24-ന് മധുഷെട്ടി ഇവരെ കാണാനില്ലെന്ന് കാട്ടി പോലീസിൽ പരാതി നൽകി.
ഇവരുടെ സിം കാർഡുകളും നിലവിൽ പ്രവർത്തന രഹിതമാണ്. എന്നാൽ വൈഫൈ മുഖേന ഇവർ സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. നിലവിൽ ഇവർ കർണാടകയിൽ ഉള്ളതായാണ് വിവരം.