ഭുവനേശ്വർ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡിഷയിൽ. 68,000 കോടി രൂപയുടെ വികസന പ്രവർനങ്ങൾ രാജ്യത്തിന് സമർപ്പിക്കും. സംബാൽപൂരിൽ നടക്കുന്ന പൊതുപരിപാടിയിൽ ഊർജ്ജ മേഖലയെ ത്വരിതപ്പെടുത്തുന്ന നിരവധി ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
പ്രധാനമന്ത്രി ഊർജ ഗംഗ പദ്ധതിക്ക് കീഴിൽ 2,450 കോടി രൂപ ചെലവിൽ നിർമ്മിച്ച 412 കിലോമീറ്റർ നീളമുള്ള ജഗദീഷ്പൂർ-ഹാൽദിയ, ബൊക്കാറോ-ധമ്ര പദ്ധതിയുടെ ധമ്ര-അംഗുൽ പൈപ്പ് ലൈൻ സെക്ഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും. മുംബൈ-നാഗ്പൂർ-ജാർസുഗുഡ പൈപ്പ്ലൈനിന്റെ 692 കിലോമീറ്റർ വരുന്ന നാഗ്പൂർ-ജാർസുഗുഡ പ്രകൃതിവാതക പൈപ്പ്ലൈൻ സെക്ഷന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. 2,660 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിക്കുന്ന പദ്ധതി ഒഡിഷ, മഹാരാഷ്‌ട്ര, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രകൃതിവാതക ലഭ്യതയെ മെച്ചപ്പെടുത്താൻ സഹായിക്കും.
നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷന്റെ (എൻഎൽസി) 27,000 കോടിയിലധികം രൂപയുടെ തലബിര താപവൈദ്യുത പദ്ധതിയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. രാജ്യത്തിന്റെ ഊർജ സുരക്ഷയിൽ ഗണ്യമായ സംഭവാന നൽകാനും സമ്പദ് വ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കാനും പദ്ധതിക്കാകും. റെയിൽവേ ഗതാഗത മേഖലയിലും വിവിധ പദ്ധതികൾക്ക് ഇന്ന് തുടക്കമാകും. ഐഐഎം സമ്പൽപൂരിന്റെ സ്ഥിരം കാമ്പസിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.