പത്തനംതിട്ട: അയിരൂർ-ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് പമ്പാ മണൽപുറത്ത് ശ്രീവിദ്യാധിരാജ നഗറിൽ നാളെ തുടക്കം കുറിക്കും. വിദ്യാധിരാജ ചട്ടമ്പി സ്വാമി സമാധി ശതാബ്ദി സ്മാരക പരിഷത്തായാണ് ഇക്കൊല്ലം നടത്തുന്നത്. 11-ാം തീയതി സമാപിക്കും.
നാളെ വൈകിട്ട് നാലിന് ചിന്മയാമിഷൻ ആഗോള മേധാവി സ്വാമി സ്വരൂപാനന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്യും. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ അധ്യക്ഷനാകും. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ, ചിന്മയാമിഷൻ കേരള അദ്ധ്യക്ഷത സ്വാമി വിവിക്താനന്ദ സരസ്വതി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.
കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായി എത്തും. നാലിന് രാവിലെ 11ന് പുതിയകാവ് ദേവി ക്ഷേത്രത്തിൽ നിന്ന് പതാക ഘോഷയാത്രയും പന്മന ആശ്രമത്തിൽ നിന്ന് ജ്യോതി പ്രയാണഘോഷയാത്രയും. എഴുമറ്റൂർ ആശ്രമത്തിൽ നിന്ന് ഛായാചിത്രഘോഷയാത്രയും ശ്രീവിദ്യാധിരാജ നഗറിൽ എത്തിച്ചേരും.
സമാപന ദിനമായ 11-ാം തീയതി വൈകിട്ട് നാലിന് പരിപാടിയിൽ അഡ്വ. കെ. ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് ഐ എ എസ് ഉദ്ഘാടനം നിർവ്വഹിക്കും. അമൃതാനന്ദമയി മഠം സ്വാമി ജ്ഞാനാമൃതാനന്ദപുരി സമാപന സന്ദേശം നൽകും. മന്ത്രി സജിചെറിയാൻ, രമേശ് ചെന്നിത്തല എന്നിവർ പ്രഭാഷണം നടത്തും.















