ഷിംല: ഹിമാചൽപ്രദേശിലെ മഞ്ഞുവീഴ്ചയെ തുടർന്ന് 504 റോഡുകളിൽ ഗതാഗത നിയന്ത്രണം. നാല് ദേശീയ പാതകൾ ഉൾപ്പെടെ 504 റോഡുകളിലെ ഗതാഗതമാണ് നിരോധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വൈദ്യുതി, ജലവിതരണ പദ്ധതികളെയും മഞ്ഞുവീഴ്ച പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നാല് ദേശീയപാതകൾ ഉൾപ്പെടെ 504 റോഡുകളിലൂടെ നിലവിൽ യാത്ര അനുവദിക്കുന്നില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഷിംലയിലെ 16 റോഡുകളും, ലാഹൗൾ-സ്പിതിയിൽ 153 റോഡുകളും, കുളുവിൽ 76 റോഡുകളും,മാണ്ഡിയിലെ 44 റോഡുകളും, ചമ്പയിൽ 62 റോഡുകളും, കിന്നൗറിലെ ഏഴ് റോഡുകളും കാൻഗ്രയിലെ ഒരു റോഡിലുമാണ് ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്.
ഇതിന് പുറമെ 674 വൈദ്യുതി വിതരണ പദ്ധതികൾ തടസ്സപ്പെട്ടതായും 44 ജലവിതരണ പദ്ധതികൾ പ്രതിസന്ധിയിലായതായും അധികൃതർ അറിയിച്ചു. ഉയർന്ന മഞ്ഞുവീഴ്ചയെ തുടർന്ന് ഒമ്പത് സ്റ്റേഷനുകളിൽ മഞ്ഞ് നീക്കം ചെയ്യുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഒമ്പതിടങ്ങളിൽ 1-5 അടി വരെ മഞ്ഞ് വീഴ്ചയുണ്ടായതായാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.