ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം ലഭിച്ച മുൻ ഉപപ്രധാനമന്ത്രി എൽകെ അദ്വാനിയെ ഭാരതത്തിന്റ മഹാനായ പുത്രനെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം രാജ്യത്തിന് നൽകിയ സേവനങ്ങളും സംഭാവനകളും രാജ്യം ഒരിക്കലും മറക്കില്ല എന്നതിന് ഉദാഹരമാണ് ഈ പുരസ്‌കാരം. ഒഡീഷയിലെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഉപപ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, വാർത്താവിതരണ പ്രക്ഷേപണ മന്ത്രി, രാജ്യസഭാംഗം എന്നീ നിലകളിലെല്ലാം അദ്ദേഹം സമാനതകളില്ലാത്ത സേവനങ്ങളാണ് രാജ്യത്തിന് നൽകിയത്. അദ്ദേഹത്തിന്റെ സ്‌നേഹവും മാർഗനിർദ്ദേശങ്ങളും ലഭിക്കാനുള്ള ഭാഗ്യം തനിക്കുണ്ടായിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുതിർന്ന നേതാവിന് ഭാരതരത്‌ന പുരസ്‌കാരം എക്‌സിലൂടെ പ്രഖ്യാപിച്ചത്. ഭാരതം കണ്ടതിൽ വച്ച് ഏറ്റവും ആദരണീയനായ രാഷ്‌ട്രതന്ത്രജ്ഞരിൽ ഒരാളാണ് എൽകെ അദ്വാനിയെന്നും ഭാരതരത്നം നൽകിയത് തന്നെ സംബന്ധിച്ചിടത്തോളം വൈകാരികമായ നിമിഷമാണെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ഭാരതരത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ ദേശീയ നേതാക്കളടക്കം നിരവധി പേർ അദ്ദേഹത്തിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു.
കഷ്ടതകളും പ്രയത്‌നവും നിറഞ്ഞ അദ്വാനിയുടെ യാത്ര എക്കാലവും നമ്മുക്ക് പ്രചോദനകരമാണ്. പ്രയത്‌നവും ദിശാബോധവും മുതൽക്കൂട്ടാക്കി രാഷ്‌ട്രനിർമ്മാണത്തിനായി അദ്ദേഹത്തിന്റെ ജീവിതം ഉഴിഞ്ഞുവച്ചു. ദേശീയ രാഷ്‌ട്രീയത്തിന് അദ്ദേഹം നൽകിയ സമ്പന്നമായ സംഭാവനകൾ രാജ്യം എന്നും സ്മരണയിൽ സൂക്ഷിക്കുന്നു. അദ്വാനിയുടെ നേട്ടങ്ങൾ രാജ്യത്തിന് അഭിമാനകരമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പുനർനിർമ്മാണത്തിൽ അദ്ദേഹം സുപ്രധാനപങ്ക് വഹിച്ചിരുന്നു.















