തൃശൂർ: ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. നാട്ടിക പള്ളം പീച്ച് ആറുകെട്ടി വീട്ടിൽ മിഥുനാണ് മരിച്ചത്.
ഇന്ന് പുലർച്ചെ 5.45-ഓടെയായിരുന്നു സംഭവം. ദേശീയ പാത 66-ലെ വലപ്പാട് കുരിശുപ്പള്ളിക്കടുത്താണ് അപകടം നടന്നത്. കോതകുളം മാഫാം സൂപ്പർമാർക്കറ്റിലെ ഡ്രൈവറായ മിഥുൻ സുഹൃത്തിനൊപ്പം ബൈക്കിന് പുറകിലിരുന്ന് ജോലി സ്ഥലത്തേക്ക് പോകവെയായിരുന്നു അപകടം.
ലോറിയും ബൈക്കും കൂട്ടിയിടിച്ചതിനെ തുടർന്ന് തെറിച്ചു വീണ മിഥുന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ മിഥുനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്ത് സഫൗന്റെ പരിക്ക് ഗുരുതരമല്ല.