എറണാകുളം: മുൻ സംസ്ഥാന സർക്കാർ അഭിഭാഷകൻ പിജി മനുവിനെതിരായ ബലാത്സംഗക്കേസിൽ മനുവിന്റെ ജൂനിയർ അഭിഭാഷകനും ഡ്രൈവറും അറസ്റ്റിൽ. ജൂനിയർ അഭിഭാഷകനായ ജോബിയും ഡ്രൈവർ എൽദോസുമാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
ജനുവരി 30-ന് പിജി മനു അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയിരുന്നു. എറണാകുളം പുത്തൻകുരിശ് പോലീസിന് മുമ്പാകെയാണ് പ്രതി കീഴടങ്ങിയത്. പിജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
പീഡനക്കേസിൽ ഇരയായ യുവതിയെ നിയമസഹായം വാഗ്ദാനം ചെയ്ത് ഓഫീസിലെത്തിച്ച് പീഡിപ്പിച്ചെന്നതാണ് മനുവിനെതിരായ കേസ്. ബലാത്സംഗക്കുറ്റവും ഐടി ആക്ടും ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.















