പൂനെ: ഭഗവാൻ ശ്രീരാമനെയും സീതാദേവിയെയും അധിക്ഷേപിച്ചുകൊണ്ട് നാടകവുമായി സാവിത്രിഭായ് ഫുലെ പൂനെ സർവകലാശാല. സർവകലാശാല വിദ്യാർത്ഥികളാണ് നാടകം അവതരിപ്പിച്ചത്. സീതാദേവി പുകവലിക്കുന്നതടക്കമുള്ള രംഗങ്ങളാണ് നാടകത്തിലുള്ളത്. സർവകലാശാല അധികൃതരടക്കം നാടകത്തിന് കാണികളായുണ്ടായിരുന്നു. ഇതിനെതിരെ എബിവിപി രംഗത്തുവരികയും ശക്തമായി പ്രതികരിക്കുകയും ചെയ്തു.
വിഷയത്തിൽ ലളിതകലാ കേന്ദ്രം മേധാവി ഉൾപ്പെടെ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു. ലളിതകലാകേന്ദ്രം മേധാവി ഡോ. പ്രവീൺ ദത്താത്രയ ഭോലെ, നാടകത്തിന്റെ രചയിതാവ് ഭവേഷ് പാട്ടീൽ, സംവിധായകൻ ജയ് പെദ്‌നേക്കർ, അഭിനേതാക്കളായ പ്രഥമേഷ് സാവന്ത്, ഹ്രുഷികേശ് ദൽവി, യാഷ് ചിഖാലെ തുടങ്ങിയവർക്കെതിരെയാണ് കേസ്. മതവിശ്വാസത്തെ അധിക്ഷേപിക്കുക, കലാപാഹ്വാനം, കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുക എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.