ന്യൂഡൽഹി: ഒരാഴ്ചത്തെ ഇന്ത്യൻ പര്യടനത്തിനായി ഫിജി ഉപപ്രധാനമന്ത്രി ബിമിൻ പ്രസാദ് ഇന്ന് ഡൽഹിയിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം. തുടർന്ന് അദ്ദേഹം രാംനഗരിയിൽ ക്ഷേത്രദർശനം നടത്തുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജനുവരി 22-ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം അയോദ്ധ്യയിലെത്തുന്ന ആദ്യ വിദേശ നേതാവ് കൂടിയാണ് ബിമിൻ പ്രസാദ്.
ഇന്ന് രാത്രിയോടെ ഡൽഹിയിലെത്തുന്ന അദ്ദേഹം ഫെബ്രുവരി 10 വരെ ഇന്ത്യയിലുണ്ടാകും. നാളെ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും വിദ്യാഭ്യാസ സഹമന്ത്രി രാജ്കുമാർ രഞ്ജനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഫെബ്രുവരി 7ന് തലസ്ഥാനത്തും 8ന് ഗോവയിലും നടക്കുന്ന പരിപാടികളിലും ബിമൻ പങ്കെടുക്കും. ശേഷം ഫെബ്രുവരി 8ന് ശ്രീരാമ ജന്മഭൂമിയിലെത്തി അദ്ദേഹം ദർശനം നടത്തുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഫെബ്രുവരി 11ന് ബിമൻ തിരികെ ഫിജിയിലേക്ക് മടങ്ങുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷവും ഇന്ത്യ സന്ദർശനത്തിനായി ബിമൻ പ്രസാദ് ഡൽഹിയിലെത്തിയിരുന്നു. ‘സുസ്ഥിരവും കാർബൺ രഹിത ഭാവിയും’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഉന്നതതല യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തു. ഫിജി പോലുള്ള ചെറിയ വികസ്വര ദ്വീപ് സമൂഹങ്ങളിൽ ജീവിക്കുന്നവരെ കാലാവസ്ഥാ വ്യതിയാനങ്ങൾ പോലുള്ളവ എത്രത്തോളം മോശമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതില്ലാതാക്കാൻ കാർബൺ രഹിത ലോകത്തിന്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചിരുന്നു.















