ന്യൂഡൽഹി: അതിർത്തി കടന്നുള്ള സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ രാജ്യങ്ങൾ സഹകരിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നീതി നടപ്പാക്കാൻ രാജ്യങ്ങൾ ഒരുമിച്ച് നിൽക്കുമ്പോൾ രാജ്യത്തെ നീതിന്യായ വ്യവസ്ഥകൾ കുറ്റകൃത്യങ്ങൾക്കെതിരെ നടപടികൾ കർശനമാക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ സംഘടിപ്പിച്ച കോമൺവെൽത്ത് അറ്റോർണിസ് ആൻഡ് സോളിസിറ്റേഴ്‌സ് ജനറൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
” ജനങ്ങൾക്ക് നീതി ലഭിക്കേണ്ടത് പ്രാധാന്യം അർഹിക്കുന്നു. നീതി ഉറപ്പിലാക്കാൻ ഒന്നിലധികം രാജ്യങ്ങൾ സഹകരിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. മാറി വരുന്ന ആധുനിക ലോകത്ത് പല വെല്ലുവിളികളാണ് നാം നേരിടുന്നത്. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളും തടയുന്നതിന് മറ്റു രാജ്യങ്ങളുമായി ഒരുമിച്ച് പ്രവർത്തിക്കുന്നതിന് വളരെയധികം പ്രസക്തിയുണ്ട്”.- പ്രധാനമന്ത്രി വ്യക്തമാക്കി.
കുറ്റകൃത്യങ്ങൾ നടത്തുന്നവർക്ക് വിവിധ രാജ്യങ്ങളിലും മേഖലകളിലും വിപുലമായ ശൃംഖലകളുണ്ടായിരിക്കും. ക്രിപ്‌റ്റോ കറൻസിയുടെ ഉയർച്ചയും സൈബർ ഭീഷണികളും പുതിയ വെല്ലുവിളികളായി മാറി. 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളെ 20-ാം നൂറ്റാണ്ടിലെ സമീപനങ്ങൾ കൊണ്ട് നേരിടാനാവില്ല. ഇതിനായി പരിഷ്‌കാരങ്ങൾ ആവശ്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നിയമസംവിധാനങ്ങൾ നവീകരിക്കുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ അദ്ദേഹം കോടതികൾ ദിനംപ്രതി നിരവധി കേസുകൾക്കാണ് പരിഹാരം കണ്ടെത്തുന്നതെന്നും ഇത് അഭിനന്ദനാർഹമാണെന്നും കൂട്ടിച്ചേർത്തു. സാങ്കേതികവിദ്യകൾക്ക് നീതിന്യായ വ്യവസ്ഥകളിൽ വളരെയധികം സ്വാധീനം ചെലുത്താൻ സാധിക്കും. അതിനാൽ നീതി സംവിധാനങ്ങളെ കൂടുതൽ പൗരകേന്ദ്രീകൃതമാക്കുന്നതിൽ അധികൃതർ ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം വിശദീകരിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.