വയനാട്: മയക്കുവെടി വച്ചതിനെ തുടർന്ന് ചരിഞ്ഞ തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ ധാരാളം പെല്ലെറ്റുകൾ കൊണ്ട പാടുകളുണ്ടായിരുന്നതായി വനംവകുപ്പ്. ആന കൃഷിയിടത്തിലോ, ജനവാസ മേഖലയിലോ എത്തിയപ്പോൾ ആളുകൾ, ഇതിനെ തുരത്താനായി വെടിവെച്ചതാകാമെന്ന് വനംവകുപ്പ് അറിയിച്ചു. ആനയെ മാനന്തവാടി ഭാഗങ്ങളിൽ കണ്ട സമയം മുതൽ കേരള-കർണാടക വനംവകുപ്പുകൾ പരസ്പരം ആശയവിനിമയം നടത്തിയിരുന്നു.
സിഗ്നൽ ലഭിക്കാത്തതിനാൽ ചില ഭാഗങ്ങളിൽ ആനയുടെ ലൊക്കേഷൻ കണ്ടെത്താൻ വനംവകുപ്പിന് സാധിച്ചിരുന്നില്ല. ഇതിനിടയൊകാം ആനയുടെ സ്ഥിതി മോശമായതെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. ആനയെ ട്രാക്ക് ചെയ്ത് കാട്ടിലേക്ക് തുരത്തുന്നതിൽ വീഴ്ച വന്നിട്ടുണ്ടോ എന്നതടക്കം പരിശോധിക്കേണ്ടതുണ്ടെന്നും ഇതിനായി അഞ്ചംഗ വിദ്ഗധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കി.
തണ്ണീർക്കൊമ്പന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്നലെയാണ് പുറത്തു വന്നത്. മയക്കുവെടി വച്ചതിന് ശേഷം ആനയ്ക്കുണ്ടായ സമ്മർദ്ദത്തെ തുടർന്ന് ഹൃദയവും ശ്വാസകോശവും ഒരുമിച്ച് നിലച്ചതാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറുന്നത്. ഇതിനുപുറമെ ആനയ്ക്ക് ശ്വാസകോശത്തിൽ നീർക്കെട്ടും ക്ഷീണവുമുണ്ടായിരുന്നു. ശരീരത്തിലുണ്ടായിരുന്ന മുഴ പഴുത്തിരുന്നതായും ലിംഗത്തിൽ മുറിവുകളുണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 20 ദിവസത്തിനിടെ 2 തവണയാണ് കൊമ്പന് മയക്കുവെടിയേറ്റത്.















