കൊച്ചി: സംസ്ഥാന സർക്കാരിന് വേണ്ടി കേരള സാഹിത്യ അക്കാദമി എഴുതിച്ച ‘കേരളഗാന’ത്തെ ചൊല്ലിയുള്ള വിവാദം കനക്കുന്നു. ശ്രീകുമാരൻ തമ്പിയെക്കൊണ്ട് എഴുതിച്ച കേരളഗാനം താൻ കണ്ടിട്ടേയില്ലെന്ന് സെലക്ഷൻ കമ്മിറ്റി അംഗം എം. ലീലാവതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ലെന്നും അവർ വ്യക്തമാക്കി. ശ്രീകുമാരൻ തമ്പിയുടെ ഗാനം സമിതിയിലെ ആർക്കും അംഗീകരിക്കാനിയില്ലെന്നും അതിനാൽ ലീലാവതി അടങ്ങുന്ന സമിതി, ശ്രീകുമാരൻ തമ്പിയുടെ ഗാനം വേണ്ടെന്ന് വച്ചുവെന്നായിരുന്നു സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ അറിയിച്ചിരുന്നത്. എന്നാൽ സമിതിയിലെ അംഗമായ ലീലാവതി ടീച്ചറുടെ വെളിപ്പെടുത്തൽ ഇതിന് കടകവിരുദ്ധമായിരിക്കുകയാണ്.
“ശ്രീകുമാരൻ തമ്പി എഴുതിയ പാട്ട് ഞാൻ കണ്ടിട്ടില്ല. അനാരോഗ്യത്തെ തുടർന്ന് മീറ്റിംഗിന് പോകാൻ കഴിഞ്ഞിരുന്നില്ല. ഞാൻ പാട്ട് കണ്ടിട്ടില്ലെന്ന കാര്യം സച്ചിദാനന്ദൻ അടക്കമുള്ളവർക്ക് അറിയാമല്ലോ? ” എന്നായിരുന്നു സമിതി അംഗമായ ലീലാവതിയുടെ പ്രതികരണം.
താൻ അപമാനിതനായെന്ന ശ്രീകുമാരൻ തമ്പിയുടെ തുറന്നുപറച്ചിൽ വന്നതോടെ, സെലക്ഷൻ കമ്മിറ്റിയാണ് പാട്ട് നിരാകരിച്ചതെന്നായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണം. “കവി എന്ന നിലയിൽ അദ്ദേഹമെഴുതിയ പാട്ട് വളരെ നന്നായിട്ടാണ് എനിക്ക് തോന്നിയത്. എന്നാൽ കമ്മിറ്റിയിലുണ്ടായിരുന്ന ആർക്കും തന്നെ പാട്ട് സ്വീകാര്യമായിരുന്നില്ല. എം ലീലാവതി, എം.ആർ രാഘവ വാര്യർ എന്നിവർ അടക്കമാണ് കമ്മിറ്റിയിലുണ്ടായിരുന്നത്. അംഗീകാരയോഗ്യമായ പാട്ടാണെന്ന് അവരാർക്കും തോന്നിയിരുന്നില്ല. ക്ലീഷെയും പഴകിയതുമായ പ്രയോഗങ്ങൾ ആയതിനാലാണ് തള്ളിയത്. തിരുത്തലിന് ശ്രീകുമാരൻ തമ്പി തയ്യാറായില്ല, തുടർച്ചയായ വിവാദങ്ങൾക്ക് പിന്നിൽ ചില ശക്തികളുണ്ടോയെന്ന് സംശയിക്കുന്നു ” സച്ചിദാനന്ദൻ പറഞ്ഞു.
കേരളഗാനം എഴുതിച്ച ശേഷം സാഹിത്യ അക്കാദമി ഒരു മറുപടിയും നൽകിയില്ലെന്ന് ശ്രീകുമാരൻ തമ്പി ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് സച്ചിദാനന്ദന്റെ പ്രതികരണം. എന്നാൽ സമിതിയിലുണ്ടെങ്കിലും ശ്രീകുമാരൻ തമ്പി എഴുതിയ പാട്ട് കേട്ടിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എം. ലീലാവതി.















