നയതന്ത്ര വിവരങ്ങൾ ചോർത്താൻ ശ്രമിച്ച പാക് ചാര സംഘടനയായ ഐഎസ്ഐയുടെ ഏജന്റിനെ മീററ്റിൽ നിന്ന് എ.ടി.എസ് പിടികൂടി. മോസ്കോയിലെ ഇന്ത്യൻ എംബസിയിലെ ജീവനക്കാരനായിരുന്നു ഇയാൾ. വിദേശകാര്യ മന്ത്രാലയത്തിലെ മൾട്ടി ടാസ്കിംഗ് സ്റ്റാഫായി ജോലി ചെയ്യുന്ന സത്യേന്ദ്ര സിവലിനെ 2021 മുതലാണ് മോസ്കോയിലെ ഇന്ത്യൻ എംബസിയിൽ നിയമിച്ചത്.
രഹസ്യ വിവരത്തെ തുടർന്ന് പിടികൂടിയ ഇയാളെ ആദ്യ ഘട്ടത്തിൽ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകിയത്. പിന്നീട് ആൻഡി ടെററിസ്റ്റ് സ്ക്വാഡിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാൾ പാകിസ്താന്റെ ചാരനാണെന്ന് സമ്മതിച്ചത്.
ഉദ്യോഗസ്ഥരുടെ വിശ്വാസം പിടിച്ചുപറ്റിയാണ് ഇയാൾ വിവരങ്ങൾ ചോർത്തിയിരുന്നത്. സൈനിക വിവരങ്ങളും ദൈനംദിന പ്രവർത്തനങ്ങളും ചോർത്താനായിരുന്നു ശ്രമം. പ്രതിരോധ മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർണായക വിവരങ്ങളാണ് ഇയാൾ ലക്ഷ്യം വച്ചിരുന്നത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കേണ്ടതുണ്ടെന്ന് എ.ടി.എസ് അറിയിച്ചു.















