വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനം ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. ശുഭ്മാൻ ഗില്ലിന്റെ(104) ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ മൂന്നാം ദിനം 370 റൺസിന്റെ ലീഡിലേക്ക് നയിച്ചത്. 147 പന്തിൽ 11 ബൗണ്ടറികളും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്. ഇന്ത്യ നിലവിൽ 6 വിക്കറ്റ് നഷ്ടത്തിൽ 227 റൺസെന്ന നിലയിലാണ്. .കെ.എസ്. ഭരതും(6*) രവിചന്ദ്രൻ അശ്വിനു(1*)മാണ് ക്രീസിൽ. 11 മാസങ്ങൾക്ക് ശേഷമാണ് ഗില്ലിന്റെ ടെസ്റ്റ്് സെഞ്ച്വറി പിറക്കുന്നത്.
മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസെന്ന നിലയിൽ ക്രീസിലിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ നായകൻ രോഹിത് ശർമ്മയെ(13) നഷ്ടമായതോടെയാണ് ഗിൽ ക്രീസിലെത്തിയത്. പിന്നാലെ യശസ്വി ജയ്‌സ്വാളും(17) മടങ്ങിയതോടെ ഇന്ത്യ പരുങ്ങലിലായി. എന്നാൽ ടീമിനെ ആദ്യം ശ്രേയസ് അയ്യർക്കൊപ്പവും പിന്നീട് അക്‌സർ പട്ടേലിനൊപ്പം ചേർന്ന് ഗിൽ മികച്ച സ്‌കോറിലേക്ക് നയിച്ചു. ശ്രേയസ് അയ്യർ(29), രജത് പട്ടീദാർ(9), അക്‌സർ പട്ടേൽ (45) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.
ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്‌സൺ, ടോം ഹാർട്‌ലീ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ഷൊയ്ബ് ബഷീർ, റിഹാൻ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.