ന്യൂഡൽഹി: ആശുപത്രികളുടെ ശോച്യാവസ്ഥയിൽ ആശങ്ക അറിയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയുടെ കത്ത്. ഡൽഹി ആരോഗ്യ വകുപ്പിന് കീഴിലെ ആശുപത്രികളുടെ ശോചനീയാവസ്ഥയിലുള്ള കടുത്ത അസംതൃപ്തിയും ആശങ്കയുമാണ് അദ്ദേഹം കത്തിൽ അറിയിച്ചത്. വിഷയത്തിൽ ഉടൻ പരിഹാരം കാണണമെന്നും സക്സേന ഡൽഹി സർക്കിരിനോട് കത്തിലൂടെ ആവശ്യപ്പെട്ടു.
ഡൽഹി സർക്കാർ ആശുപത്രികളിലെ പരിതാപകരമായ അവസ്ഥയിൽ ഹൈക്കോടതി നടത്തിയ രൂക്ഷവിമർശനങ്ങളുടെ മാദ്ധ്യമങ്ങൾ റിപ്പോർട്ടുകൾ തന്റെ മുന്നിലുണ്ട്. അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത, മാനേജ്മെൻ്റ് വീഴ്ച. സാമ്പത്തിക ദുരുപയോഗം എന്നിവ കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ആരോഗ്യ സംരക്ഷണം മൗലികാവകാശമാണ്. ഇതിലുണ്ടാകുന്ന വീഴ്ച അവകാശലംഘനമാണ്. ഇത് രാജ്യതലസ്ഥാനത്തിന്റെ പേരിന് കളങ്കമുണ്ടാക്കുന്നതാണെന്ന് സക്സേന കത്തിൽ വ്യക്തമാക്കി.
ദേശീയ തലസ്ഥാനമെന്ന നിലയിൽ ഡൽഹിയിലെ ആരോഗ്യ സംരക്ഷണം ലോകോത്തര നിലവാരം പുലർത്തേണ്ടതുണ്ട്. എന്നാൽ, പല ആശുപത്രികളിലും രോഗികൾ നേരിടുന്നത് അവഗണനയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ്. ഇത് സംബന്ധിച്ച് നിരവധി മാദ്ധ്യമ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. തിരുത്തൽ ആവശ്യപ്പെട്ടെങ്കിലും യാതൊരു വിധ ഫലവുമുണ്ടായില്ലെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.