ഗുവാഹത്തി: 11,600 കോടിയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുവാഹത്തിയിലെ ഖാനപ്പാറ വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിലാണ് വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചത്.
അസം ചന്ദ്രാപൂരിൽ 300 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന കായിക സമുച്ചയം, 498 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന കാമാഖ്യ ക്ഷേത്ര ഇടനാഴി, 358 കോടിയിൽ നിർമ്മിക്കുന്ന ഗുവാഹത്തി വിമാനത്താവള ടെർമിനലിൽ നിന്നും ആറ് വരിപ്പാത എന്നിവയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചു. 3,250 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ തറക്കല്ലിടലും നടന്നു.
ബിശ്വനാഥ് ചാരിയാലി-ഗോഹ്പൂർ 1,451 കോടി രൂപ ചിലവഴിച്ച് വികസിപ്പിച്ച നാലുവരി പാതയും 592 കോടി രൂപ ചിലവിൽ നിർമ്മിച്ച ഡോളബാരി- ജമുഗുരി നാലുവരി പാതയും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.
578 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന നിർദിഷ്ട കരിംഗഞ്ച് മെഡിക്കൽ കോളേജ് ആശുപത്രിക്കും ഗുവാഹത്തിയിൽ 297 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന യൂണിറ്റി മാളിനും തറക്കല്ലിട്ടു. അസോം മാല റോഡുകളുടെ രണ്ടാം പതിപ്പും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 43 പുതിയ റോഡുകളും 38 കോൺഗ്രീറ്റ് പാലങ്ങളുമാണ് ഈ ഘട്ടത്തിൽ ഉൾപ്പെടുന്നത്.