ഗൂഡല്ലൂർ: ഗൂഡല്ലൂരിൽ ദേവർഷോലയിലെ ശിവൻ കോവിലിൽ റോബോട്ടിക് ആനയെ നടയിരുത്തി. ഇനി ക്ഷേത്രാചാരങ്ങൾക്ക് ആന കൂടുതൽ പകിട്ടേകും. പാലക്കാട് സ്വദേശിനി സംഗീത അയ്യരാണ് 12 ലക്ഷം രൂപ വിലമതിക്കുന്ന റോബോട്ടിക് ആനയെ സമർപ്പിച്ചത്. ഇതോടെ നീലഗിരിയിൽ ആദ്യമായി റോബോട്ടിക് ആനയെ ഉപയോഗിക്കുന്ന ക്ഷേത്രമായി പ്രശസ്തി നേടിയിരിക്കുകയാണ് ശിവൻ കോവിൽ.
റോബോട്ടിക് ആനയുടെ കാലുകളിൽ ചക്രം ഘടിപ്പിച്ചിരിക്കുന്നു എന്നതിനാൽ എഴുന്നള്ളത്തിനുൾപ്പെടെ പ്രയോജനപ്പെടുത്താം. കണ്ണുകൾ ചലിപ്പിക്കുന്നു എന്നതും ആനയുടെ പ്രത്യേകതയാണ്.
ഏഷ്യൻ ആനകളെ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന മൃഗസംരക്ഷണ പ്രവർത്തകയാണ് സംഗീത അയ്യർ. ആനകളുടെ വാസസ്ഥലം വനമാണെന്നും ഇക്കാരണത്താലാണ് ഇത്തരത്തിലൊരു ദൗത്യത്തിലേക്ക് മുന്നിട്ടിറങ്ങിയതെന്നും സംഗീത അയ്യർ വ്യക്തമാക്കി.