കണ്ണൂർ: പഴയ ബസ് സ്റ്റാന്റിന് സമീപമുള്ള വീട്ടിൽ നിർത്തിയിട്ട സ്‌കൂട്ടർ കത്തിനശിപ്പിച്ച് അജ്ഞാതൻ.സാവീസ് ഹയർ ഗുഡ്‌സ് ഉടമ അനിൽകുമാറിന്റെ വീട്ടിലാണ് സംഭവം. ഇന്ന് പുലർച്ചയോടെയാണ് അജ്ഞാതൻ വാഹനത്തിന് തീയിട്ടത്. വൈകാതെ തന്നെ സംഭവം ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.
കറന്റില്ലാത്തതിന്റെ കാരണം അന്വേഷിക്കുന്നതിനായി പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു അനിൽകുമാർ വീടിന് പുറത്ത് തീ ഉയരുന്നത് കണ്ടത്. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ ഈ സമയം പൂർണമായും കത്തി നശിച്ചിരുന്നു. പന്തലുപണിക്ക് ആവശ്യമായ വസ്തുക്കൾ വാടകയ്‌ക്ക് നൽകുന്ന ആളാണ് അനിൽ കുമാർ. വീടിന് സമീപത്ത് സൂക്ഷിച്ചിരുന്ന തൂണുകളിലേക്കും തീ പടർന്ന് പിടിച്ചിട്ടുണ്ട്.
വീടിന്റെ ടെറസിന് മുന്നിലും ഇയാൾ തീയിട്ടതായി കുടുംബം പറയുന്നു. പ്രദേശവാസികളും ഫയർഫോഴ്‌സും ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. വീട്ടിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഒരാൾ തീയിട്ടതാണെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.















