തിരുവനന്തപുരം: 2024-25 സാമ്പത്തിക വർഷത്തിലേക്കുള്ള സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ ഒൻപതിന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. തലയ്‌ക്ക് ചുറ്റും കടം കേറിയ അവസ്ഥയിലെ ബജറ്റ് ആയതിനാൽ തന്നെ മലയാളിക്ക് സന്തോഷിക്കാനിടയുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകാനിടയില്ല. മറിച്ച് കേന്ദ്രത്തിനെ കുറ്റം പറയുന്ന സ്ഥിരം പല്ലവി തുടരാൻ സാധ്യതയേറെയാണ്.
സംസ്ഥാന ബജറ്റിൽ ക്ഷേമപപദ്ധതികളുടെ തുക വർദ്ധിപ്പിക്കാനുള്ള സാധ്യത നന്നേ കുറവാണ്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനായി പരമാവധി വരുമാനം കണ്ടെത്താനും തിരഞ്ഞടുപ്പ് ലക്ഷ്യം വച്ചുള്ള ആനുകൂല്യ പ്രഖ്യാപനങ്ങൾ നടത്താനുമാകും സർക്കാർ ശ്രമിക്കുക. സംസ്ഥാന സർക്കാരിന്റെ എല്ലാ പ്രതിസന്ധിക്കും കാരണം കേന്ദ്ര സർക്കാരാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാകും ബജറ്റിൽ പ്രതിഫലിക്കുക.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അടക്കം വിവിധ വിഭാഗങ്ങൾക്ക് നൽകാനുള്ള കുടിശികയുടെ ഒരു പങ്ക് എങ്കിലും ബജറ്റിൽ പ്രഖ്യാപിച്ചേക്കാം. അഞ്ച് മാസമായി മുടങ്ങി കിടക്കുന്ന പെൻഷൻ തുകയിലും തീരുമാനം ഇന്നറിയാം. തുക വർദ്ധിപ്പിക്കാനുള്ള സാധ്യത വിദൂരമാണ്. ചില സർക്കാർ സേവനങ്ങളുടെ നിരക്ക് കൂട്ടിയേക്കും. തന്റെ പക്കൽ മാന്ത്രിക വടിയൊന്നുമില്ലെന്നാണ് ബജറ്റിന് മുന്നോടിയായി ധനമന്ത്രി പ്രതികരിച്ചത്.















