ന്യൂഡൽഹി: ശ്രീ രാമായൺ യാത്ര’ഫ്‌ളാഗ് ഓഫ് ചെയ്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. സ്വദേശ് ദർശൻ പദ്ധതിക്ക് കീഴിൽ ഐആർസിടിസിയുടെ പ്രത്യേക ടൂറിസ്റ്റ് ട്രെയിനാണ് ഡൽഹിയിൽ നിന്നും പുറപ്പെട്ടത്. ഭഗവാൻ ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രമുഖ സ്ഥലങ്ങളിലേക്കാണ് ട്രെയിൻ സർവീസ് നടത്തുന്നത്.
19 ദിവസം നീണ്ടു നിൽക്കുന്നതാണ് ശ്രീ രാമായൺ യാത്ര. ഒമ്പത് സ്റ്റേഷനുകളിലാണ് ട്രെയിൻ നിർത്തുന്നത്. രാജ്യത്തിന് പുറത്തുള്ള ഭക്തരാണ് ആദ്യ യാത്രയിലുള്ളതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. 156 യാത്രക്കാരെ ഉൾക്കൊള്ളുന്ന അത്യാധുനിക ഡീലക്സ് എസി ടൂറിസ്റ്റ് ട്രെയിനാണ് ഭക്തർക്കായി സജ്ജീകരിച്ചിരിക്കുന്നത്.
ഭഗവാൻ ശ്രീരാമന്റെ ജന്മഭൂമിയിൽ നിന്നാണ് ശ്രീ രാമായൺ യാത്രക്ക് തുടക്കമിടുന്നത്. അയോദ്ധ്യയിലെത്തുന്ന ഭക്തർ രാമക്ഷേത്രത്തിലും ഹനുമാൻ ക്ഷേത്രത്തിലും ദർശനം നടത്തും. തുടർന്ന് സീത ജനിച്ച പുണ്യയിടമായ ബീഹാറിലെ സീതാമർഹി ദർശിക്കും. ജനക്പൂരിലെ രാം-ജാനകി ക്ഷേത്രത്തിലും ഭക്തർ ദർശനം നടത്തും. തുടർന്ന് വാരാണസി, പ്രയാഗ്, ശ്രിംഗ്‌വേർപൂർ, ചിത്രകൂട് എന്നിവിടങ്ങളിലെ പ്രസിദ്ധ ക്ഷേത്രങ്ങളിലും ഭക്തർ ദർശനം നടത്തും.