ന്യൂഡൽഹി: രാജ്യത്ത് സമാധാനം വേണമെങ്കിൽ എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. വടക്കുകിഴക്കൻ മേഖലയിൽ സമാധാനം വേണമെങ്കിൽ, സമാധാനപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡോ. അംബേദ്കർ ഇൻ്റർനാഷണൽ സെൻ്ററിൽ നടന്ന നോർത്ത് ഈസ്റ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘പരസ്പരം സമാധാനത്തോടെ ജീവിക്കാൻ സാധിച്ചില്ലെങ്കിൽ ആർക്കും നമ്മെ സമാധാനിപ്പിക്കാനും കഴിയില്ല. അക്രമ പ്രവർത്തനങ്ങൾക്ക് മുതിരാതെ പരസ്പരം സംസാരിച്ച് പ്രശ്നങ്ങൾ അവസാനിപ്പിക്കുക. മണിപ്പൂരിൽ സമാധാനം പുലരണമെന്നുണ്ടെങ്കിൽ നമ്മൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. അക്രമികളോട് ആയുധങ്ങളും തോക്കുകളും ഉപേക്ഷിച്ച് സമാധാനപരമായ പാതയിലേക്ക് കടക്കാൻ അപേക്ഷിക്കാം. പരസ്പരം ഒത്തു ചേർന്ന് ജീവിക്കാനാണ് രാജ്യത്തെ ഓരോ പൗരന്മാരും ശ്രമിക്കേണ്ടത്. പ്രതിസന്ധി ഘട്ടങ്ങളിലും സംഘർഷഘട്ടങ്ങളിലും സാമാധാനത്തോടെ പരസ്പരം സംസാരിക്കുകയാണ് വേണ്ടതെന്നും’ കിരൺ റിജിജു പറഞ്ഞു.