ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിലെ പ്രതിയായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ റൂസ് അവന്യൂ കോടതിയിൽ ഹാജരാക്കി. വാദം കേൾക്കുന്നതിന് വേണ്ടിയാണ് കോടതിയിൽ ഹാജരാക്കിയത്. മദ്യനയ കുംഭകോണ കേസിൽ സ്ഥിരം ജാമ്യം തേടി സിസോദിയ സമർപ്പിച്ച ഹർജിയിലാണ് ഇന്ന് വാദം കേൾക്കുന്നത്.
ഈ മാസം രണ്ടിനാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് അഞ്ചിലേക്ക് മാറ്റിയത്. ജാമ്യാപേക്ഷയ്‌ക്കൊപ്പം രോഗിയായ ഭാര്യയെ ആഴ്ചയിൽ രണ്ട് ദിവസം കാണുന്നതിന് കസ്റ്റഡി പരോൾ ആവശ്യപ്പെട്ടുള്ള അപേക്ഷയും സിസോദിയ കോടതിയിൽ നൽകിയിട്ടുണ്ട്.
സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണ സംഘം മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സിസോദിയയ്‌ക്ക് പ്രതികൂലവിധിയാണ് ഉണ്ടായത്. തുടർന്ന് ഫെബ്രുവരി 23-ന് സിസോദിയ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കുകയായിരുന്നു.















