എറണാകുളം: മുഖ്യമന്ത്രിക്കും മകൾ വീണ വിജയനുമെതിരെ നീളുന്ന മാസപ്പടി വിവാദത്തിൽ അന്വേഷണം കടുപ്പിച്ച് കേന്ദ്ര സർക്കാർ. കൊച്ചിയിലെ CMRL കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസിലാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം പരിശോധന ആരംഭിച്ചത്. ആലുവ കോർപറേറ്റ് ഓഫീസിലാണ് ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന. നിർണായക വിവരങ്ങൾ ലഭിച്ചുവെന്നാണ് സൂചന. ഡയറിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. നൽകാത്ത സേവനത്തിന് കോടികളാണ് മുഖ്യമന്ത്രിയുടെ മകൾ പ്രിതഫലം കൈപ്പറ്റിയത്. എന്തൊക്കെ സേവനങ്ങൾ നൽകിയെന്ന് തെളിയിക്കാൻ ഇതുവരെയും വീണയ്‌ക്കും സംഘത്തിനുമായിട്ടില്ല.
മറിച്ച് അന്വേഷണത്തെ രാഷ്‌ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനം.ആദായനികുതി ഇൻട്രിം സെറ്റിൽമെൻറ് ബോർഡ് ഉത്തരവ് വന്നപ്പോൾ രണ്ട് കമ്പനികൾ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയുടെ മകൾക്കുള്ള സിപിഎം പിന്തുണ. കരാറിൽ ആർ.ഒ.സി ഗുരുതര ക്രമക്കേട് കണ്ടെത്തി അന്വേഷണം എസ്എഫ്ഐഒ ഏറ്റെടുത്തപ്പോഴും മുഖ്യമന്ത്രിയെയും കുടുംബത്തെയും സംരക്ഷിക്കാനാണ് പാർട്ടി മെനക്കേട്ടത്. ഇതിൽ പലതവണ പാർട്ടിക് ഔദ്യോഗിക പത്രക്കുറിപ്പ് പോലും പുറത്തിറക്കേണ്ടി വന്നു. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനും സർക്കാർ തടയിട്ടിരുന്നു.