സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. ആരാധകർ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മമ്മൂട്ടിയെത്തുന്നത്. ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകളും അതിശയത്തോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ സംബന്ധിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരാണ് പുറത്തുവന്നിരിക്കുന്നത്.
‘കുഞ്ചമൻ പോറ്റി’എന്നാണ് ഭ്രമയുഗത്തിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരെന്നാണ് പുറത്തുവരുന്ന വാർത്ത. വ്യത്യസ്ത രൂപ-ഭാവ വേഷ പകർച്ചകളിലൂടെ ഞെട്ടിക്കുന്ന മഹാനടന്റെ മറ്റൊരു പകർന്നാട്ടമാണ് ഭ്രമയുഗത്തിൽ കാണാൻ കഴിയുതെന്ന കാര്യത്തിൽ സംശയമില്ല. ഫെബ്രുവരി 15-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
രാഹുൽ സദാശിവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഭ്രമയുഗം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഛായാഗ്രഹണം-ഷെഹ്‌നാദ് ജലാൽ, ചിത്രസംയോജനം-ഷഫീഖ് മുഹമ്മദ് അലി, സംഗീതം-ക്രിസ്റ്റോ സേവ്യർ, സൗണ്ട് ഡിസൈൻ-ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്സ്-എം.ആർ രാജകൃഷ്ണൻ, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-മെൽവി ജെ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.