തിരുവനന്തപുരം: കേരള സർക്കാർ ബജറ്റിൽ വിദ്യാദ്യാസ മേഖലയെ അവഗണിച്ചുവെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേവലം പൊള്ളായായ പ്രഖ്യാപങ്ങൾ മാത്രമായിരുന്നു ബജറ്റിൽ ഉൾപെടുത്തിയത്. കോൺക്ലവ് നടത്തും എന്നതും എൻഇപിയുടെ അടിസ്ഥാനത്തിലുള്ള ചില പരിഷ്കാരങ്ങളും സ്വകാര്യസർവകലാശാല-വിദേശ സർവകലാശാല തുടങ്ങിയ സ്ഥിരം കാര്യങ്ങൾ പറഞ്ഞുപോയതല്ലാതെ ബജറ്റിൽ ഉന്നതവിദ്യാഭ്യാസത്തിന് വേണ്ടി കാതലായ പ്രഖ്യാപങ്ങൾ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ തവണ 816 കോടി അനുവദിച്ച സ്ഥാനത്ത് ഇന്ന് 456 കോടിയും ഡിജിറ്റൽ സർവ്വകലാശാലയുമായി ബന്ധപ്പെട്ട ചില പ്രഖ്യാപനങ്ങളും മാത്രമാണ് നടത്തിയത്. 2023-24 സാമ്പത്തിക വർഷത്തിൽ പൊതുവിദ്യാഭ്യാസത്തിന് 1,773 കോടിയോളം അനുവദിച്ച സ്ഥാനത്ത് ഇന്ന് കേവലം 1,032 കോടിയോളം രൂപയാണ് അനുവദിച്ചത്. 2016-ന് ശേഷം ഉച്ചകഞ്ഞിക്ക് വേണ്ടിയുള്ള പൈസ കൂട്ടിയിട്ടില്ല. 2016-ൽ ഒരു വിദ്യാർത്ഥിക്ക് കണക്കാക്കുന്ന തുക തന്നെയാണ് ഇപ്പോഴും നൽകുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം സ്കൂൾ ഹൈസ് മാസ്റ്റർമാർ കടം വാങ്ങി കഞ്ഞി കൊടുക്കേണ്ട സാഹചര്യം ഉണ്ടായപ്പോൾ കോടതി ഇടപെട്ടപ്പോഴാണ് സർക്കാർ പണം അനുവദിച്ച് തുടങ്ങിയത്. അതുപോലെ തന്നെ LSS, USS , Egrantz , അയ്യങ്കാളി സ്കോളർഷിപ് തുടങ്ങിയ സഹായങ്ങൾ മുടങ്ങിയ സാഹചര്യമാണ് നിലവിലുള്ളത്. ഇത് മൂലം എസ്, എസ്ടി വിദ്യാർത്ഥികൾ വരെ പഠനം നിർത്തുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്.
ഉന്നത വിദ്യാഭ്യാസമന്ത്രി കണ്ണട വാങ്ങിയത് മുതൽ മന്ത്രിമാരുടെ ധൂർത്തിന് പൈസ ചിലവാക്കുന്ന രീതി സർക്കാർ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് വിതരണത്തിൽ കാണിക്കുന്നില്ല. ഗോത്രസാരഥി – വിദ്യാവാഹിനി പോലുള്ള പദ്ധതികൾ സാമ്പത്തിക ഞെരുക്കം മൂലം മുടങ്ങുന്ന അവസ്ഥയാണ്. കോടതി ഫീസും പരീക്ഷാ ഫീസും കൂട്ടുന്ന സർക്കാർ ഉച്ചകഞ്ഞി ചിലവ് മുതൽ സ്കോളർഷിപ് തുക പോലും വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാവത്തതും ഇഗ്രാന്റ്സ് തുക സമയ ബന്ധികമായി വിതരണം ചെയ്യാത്തതും പ്രതിഷേധാർഹമാണെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഈ. യു. ഈശ്വര പ്രസാദ് പറഞ്ഞു.