സാൻ്റിയാഗോ: തെക്കേ അമേരിക്കൻ രാജ്യമായ ചിലിയിൽ പടർന്നു പിടിച്ച കാട്ടു തീയിൽ വൻ നാശനഷ്ടം. ഇതേവരെ കാട്ടുതീയിൽ 112 പേർ മരിച്ചു. 1100-ലധികം വീടുകൾ അഗ്നിക്കിരയായി.

ചിലിയിലെ വാൽപാറൈസോ പ്രവിശ്യയിൽ വനാതിർത്തിയോട് ചേർന്ന് ഇന്നലെ പെട്ടെന്നുണ്ടായ തീ കാട്ടുതീയായി പടർന്നു പിടിക്കുകയായിരുന്നു. 19 ഹെലികോപ്റ്ററുകളിലായി 1000 അഗ്നിശമന സേനാംഗങ്ങൾ തീയണയ്‌ക്കുകയാണ്. പ്രാദേശിക കാലാവസ്ഥയിലെ ഉയർന്ന താപനിലയും കുറഞ്ഞ ഈർപ്പവും, ശക്തമായ കാറ്റും ചേർന്ന്, ദുരിതാശ്വാസ പ്രവർത്തങ്ങളിൽ അഗ്നിശമന സേനക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നു.
വനമേഖലയോട് ചേർന്നു താമസിച്ചവരാണ് ദുരന്തത്തിന് ഇരയായായത്. കാട്ടുതീ പടർന്നതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 1,100 വീടുകൾ കത്തിനശിച്ചു എന്നാണ് പ്രാഥമിക വിവരം .

ആഭ്യന്തര മന്ത്രി കരോലിന തോഹയുടെ അഭിപ്രായത്തിൽ, ചിലിയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ തീപിടുത്തമാണ് ഇത്. ഇന്നലെ വൈകുന്നേരം വരെ മധ്യ, തെക്കൻ പ്രദേശങ്ങളിൽ ഏകദേശം 26,000 ഹെക്ടർ (64,000 ഏക്കർ) കത്തിനശിച്ചതായി ദേശീയ ദുരന്ത സേനയായ സെനാപ്രെഡിനെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
ലാറ്റിനമേരിക്കൻ രാജ്യങ്ങളെ ആകമാനം ബാധിച്ച ഉഷ്ണ തരംഗത്തെ ചിലിയും അഭിമുഖീകരിക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്.

ചിലിയിലെ തീരദേശ നഗരങ്ങളിൽ പുക പടർന്നതിനാൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, മരണസംഖ്യ “ഗണ്യമായി വർദ്ധിക്കും” എന്ന് പ്രസിഡൻ്റ് ഗബ്രിയേൽ ബോറിക് പ്രഖ്യാപിച്ചത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
തെക്കേ അമേരിക്കയുടെ തെക്കൻ ഭാഗത്തെ ബാധിച്ച എൽ നിനോ കാലാവസ്ഥാ പ്രതിഭാസം മൂലം വർദ്ധിക്കുന്ന വേനൽചൂടും വരൾച്ചയുമാണ് തീപിടുത്തത്തിന് കാരണം,എൽ നിനോ കാരണം ഭൗമ അന്തരീക്ഷം ചൂടാകുകയും കാട്ടുതീ പോലുള്ള പ്രകൃതി ദുരന്തങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുമെന്ന് ശാസ്ത്രസമൂഹം മുന്നറിയിപ്പ് നൽകുന്നു.















