കോഴിക്കോട്: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ തള്ളിയിട്ട സർക്കാരിന്റെ കുറ്റസമ്മതവും ധവളപത്രവുമാണ് സംസ്ഥാന ബജറ്റെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേഷ്. കേന്ദ്രസർക്കാരിനെ പഴിചാരി സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടാനുള്ള ഗൂഢനീക്കമാണ് ബജറ്റിലൂടെ സംസ്ഥാന സർക്കാർ നടത്തിയിരിക്കുന്നതെന്നും എം.ടി രമേഷ് പ്രസ്താവനയിലൂടെ അറിയിച്ചു.
സംസ്ഥാനത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുന്ന സർക്കാരിന്റെ കുറ്റസമ്മതവും ധവളപത്രവുമാണ് ഇന്ന് അവതരിപ്പിച്ച ബജറ്റ്. ഏഴുവർഷത്തെ ഭരണത്തിലൂടെ നടപ്പിലാക്കിയ വികലമായ സാമ്പത്തിക നയത്തിന്റെ തിക്തഫലമാണ് സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി. കേന്ദ്രസർക്കാരിനെ പഴിചാരി സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനുള്ള ഗൂഢനീക്കമാണ് ബജറ്റ്. ജനങ്ങളെ പറ്റിക്കാനുള്ള കള്ള വാഗ്ദാനങ്ങള്‍ മാത്രമാണ് ബജറ്റിലുള്ളതെന്നും എം.ടി രമേഷ് പറഞ്ഞു.
കഴിഞ്ഞ ബജറ്റ് പ്രസംഗങ്ങളിലെ പ്രഖ്യാപനങ്ങളിലെ ഒരു ശതമാനം പോലും നടപ്പാക്കിയിട്ടില്ല. സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ സാക്ഷ്യപത്രമായി ബജറ്റ് മാറി. 3 ലക്ഷം കോടിയുടെ സമാഹരണം എന്നത് നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ്. കെ-റെയിൽ കൈവിടില്ലെന്ന പ്രഖ്യാപനം ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രം മാത്രമാണ്. മദ്യം വിറ്റും ലോട്ടറി വിറ്റും ധനസമാഹരണം നടത്തുന്ന തോമസ് ഐസക്കിന്റെ ധനതത്വശാസ്ത്രം ഇത്തവണയും നടപ്പാക്കിയിട്ടുണ്ട്. ക്ഷേമ പെന്‍ഷനുകള്‍ കൂട്ടുമെന്ന് നേരത്തെ നൽകിയ ഉറപ്പ് ധനമന്ത്രി വിഴുങ്ങി. കുടിശ്ശിക പോലും കൊടുത്ത് തീർക്കുമെന്ന് ഉറപ്പില്ല. കേന്ദ്രപദ്ധതികളും കേന്ദ്രവിഹിതവുമല്ലാതെ തനത് പദ്ധതികളോ തനത് ധനസമാഹരണമോയില്ലാത്ത പരാജിതരുടെ ധവളപത്രമായി ബജറ്റ് മാറിയെന്ന് എം.ടി.രമേഷ് പറഞ്ഞു.















