പരാജയ ഭയമാണ് പലരേയും ലക്ഷ്യത്തിലെത്തുന്നതിനെയും വിജയം പ്രാപിക്കുന്നതിനെയും തടയുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. വിജയത്തിലേക്ക് കുതിക്കാനുള്ള ഊർജമാണ് പരാജയത്തിൽ നിന്നും ലഭിക്കേണ്ടത്. മുള്ളുകള്‍ക്കിടയിൽ നിന്നാണ് റോസാപ്പൂ വിരിയുന്നത്. അതുപോലെ ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളിലും നമുക്ക് വിനയം കൈവരിക്കാൻ സാധിക്കും.
ജീവിതത്തിലെ ഓരോ കാര്യങ്ങളെയും നമുക്കു രണ്ടു രീതിയിൽ കാണാം. ഒന്നുകിൽ നല്ലതു സംഭവിക്കാമെന്ന് വിശ്വസിക്കാം, അല്ലെങ്കിൽ എപ്പോഴും മോശം മാത്രമേ സംഭവിക്കൂ എന്ന് വിശ്വസിക്കാം. സദ്ചിന്ത ജീവിതത്തിൽ സന്തോഷവും പ്രതീക്ഷയും പകരും. നിഷേധാത്മക ചിന്ത നിരാശയും വിഷാദവും സമ്മാനിക്കും.
ചില തോൽവികൾ ജീവിതം കരുപ്പിടിപ്പിക്കുന്നതിനും കരുത്തുറ്റതാക്കുന്നതിനും കാരണമാകാറുണ്ട്. പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടികളെന്നാണ് ചൊല്ല്.തോൽവി അംഗീകരിക്കുകയെന്നത് സുപ്രധാനമായ കാര്യമാണ്. നിത്യജീവിതത്തിൽ തിരുത്തേണ്ട പല പാഠങ്ങളും അത് പഠിപ്പിക്കുന്നു. തോൽവികളെയും തിരിച്ചടികളെയും ദുഃഖങ്ങളെയും നിരൂപണങ്ങളെയും വിമർശനങ്ങളെയും ഭയന്ന് തിരിഞ്ഞോടുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യുന്നത് മൗഢ്യമാണ്.
ശുദ്ധമായ പാലിൽ വീഴുന്ന വിഷത്തുള്ളി പോലെയാണ് വെറുപ്പ്. വിഷത്തുള്ളി പാലിനെയാകെ വിഷമയമാക്കുന്നതു പോലെ, മനസിൽ ഉരുവാകുന്ന വെറുപ്പ് വ‌്യക്തിയുടെ ഹൃദയത്തെ തന്നെ മലിനമാക്കുന്നു. ജീവിതത്തിൽ ഉന്നത വിജയങ്ങൾ വരിച്ചവരെല്ലാം പരാജയങ്ങളും പരീക്ഷണങ്ങളും ഏറ്റുവാങ്ങിയവരാണ്. വിജയങ്ങൾ മാത്രം ആസ്വദിക്കുന്നവർ ഒടുവിൽ അമ്പേ പരാജയപ്പെടുകയാണ് പതിവ്. നിങ്ങളുടെ ശ്രദ്ധ പൂർണമായും ലക്ഷ്യത്തിൽ ഉറപ്പിക്കുക. അതിലും ആകർഷകമെന്നു തോന്നുന്നവ വരുമ്പോൾ മനസ് മാറ്റാതിരിക്കുക. ഓരോ ദിവസവും നിങ്ങളുടെ വളർച്ച അളക്കേണ്ട കാര്യമില്ല.