തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ഓർത്തഡോക്‌സ് സഭ. നിയമപരമല്ലാത്ത ആനുകൂല്യം വാഗ്ദാനം ചെയ്ത് കയ്യടി വാങ്ങാൻ മുഖ്യമന്ത്രി നടത്തിയ ശ്രമം ജനാധിപത്യപരമല്ലെന്നും ഓർത്തഡോക്‌സ് സഭ വിമർശിച്ചു. യാക്കോബായ സഭയുടെ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഓർത്തഡോക്‌സ് സഭ മാദ്ധ്യമ വിഭാഗം പ്രസിഡന്റ് യുഹാനോൻ മാർ ദിയസ്‌കോറസ് മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
തർക്ക വിഷയങ്ങളിൽ നിഷ്പക്ഷത പാലിക്കുന്നതിന് പകരം ഒരു വിഭാഗത്തിന്റെ മാത്രം വക്താവായി മുഖ്യമന്ത്രി മാറിയത് വേദനാജനകമാണ്. മുഖ്യമന്ത്രി നടത്തിയത് ഭരണഘടനാ ലംഘനമാണെന്ന് പറഞ്ഞ ഓർത്തഡോക്‌സ് സഭ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ എക്കാലവും സമാധാനപരമായ നിലപാടാണ് ഓർത്തഡോക്‌സ് സഭ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ സഭയുടെ സമീപനത്തെ മുഖ്യമന്ത്രി അവഗണിക്കുകയാണെന്നും ഓർത്തഡോക്‌സ് സഭ വ്യക്തമാക്കി.
ആട്ടിൻ തോലിട്ട ചെന്നായയെന്ന മുഖ്യമന്ത്രിയുടെ പരാമർശം ആരെക്കുറിച്ചാണെന്ന് വ്യക്തമാക്കണം. പരസ്യമായി ഒരു വിഭാഗത്തെ അവഹേളിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. രാഷ്‌ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി മലങ്കര സഭയെ വെട്ടിമുറിക്കാൻ സർക്കാർ കൂട്ടുനിൽക്കുകയാണ്. അളമുട്ടിയാൽ ചേരയും കടിക്കുമെന്ന് കേരളം മനസിലാക്കണമെന്നും യുഹാനോൻ മാർ ദിയസ്‌കോറസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പുത്തൻകുരിശിൽ നടന്ന ചടങ്ങിൽ യാക്കോബായ സഭയുടെ അസ്ഥിത്വം നിലനിർത്താൻ സർക്കാർ പ്രതിജ്ഞാബന്ധമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിലാണ് മുഖ്യമന്ത്രിക്കെതിരായ ഓർത്തഡോക്‌സ് സഭയുടെ വിമർശനത്തിന് കാരണം.