ന്യൂഡൽഹി: ജ്ഞാൻവാപി പള്ളിയല്ല, ക്ഷേത്രമാണെന്ന് അയോദ്ധ്യാ രാമക്ഷേത്ര പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ജ്ഞാൻവാപിയിൽ ഹൈന്ദവർ പൂജയാരംഭിച്ചു കഴിഞ്ഞു. പള്ളിയാണെന്ന വാദങ്ങൾ തെറ്റാണ്. യാഥാർത്ഥ്യം മനസിലാക്കി ജ്ഞാൻവാപി ഹൈന്ദവരെ ഏൽപ്പിക്കാൻ മുസ്ലീം സഹോദരങ്ങൾ തയ്യാറാകണം. പള്ളി ഹൈന്ദവരെ തിരിച്ചേൽപ്പിക്കുന്നതിലൂടെ മതസൗഹാർദ്ദം കൂടുതൽ ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ദേവ് ഗിരി മഹാരാജിന്റെ പരാമർശത്തിലായിരുന്നു ആചാര്യ സത്യേന്ദ്ര ദാസിന്റെ മറുപടി.
ജ്ഞാൻവാപിയും മഥുരയും ഞങ്ങൾക്ക് വിട്ടുതരികയാണെങ്കിൽ കഴിഞ്ഞതെല്ലാം ഞങ്ങൾ മറക്കാൻ തയാറാണെന്നായിരുന്നു ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പറഞ്ഞത്.
ഈ ക്ഷേത്രങ്ങൾ സ്വതന്ത്രമാക്കിയാൽ മറ്റൊരു കാര്യത്തെ കുറിച്ചും ഞങ്ങൾ ചിന്തിക്കില്ല. ഭൂത കാലത്തിലല്ല, ഭാവിയിലേക്ക് ജീവിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ ക്ഷേത്രങ്ങൾ വിട്ടുനൽകണമെന്ന് കൂപ്പുകൈകളോടെ അഭ്യർത്ഥിക്കുകയാണ്. വിശ്വാസികളുടെ ഹൃദയം വേദനിച്ചുകൊണ്ടിരിക്കുന്നു. ആ വേദന സമാധാനപരമായി സുഖപ്പെടുത്താൻ സാധിക്കുമെങ്കിൽ അത് ചെയ്യുക. സാഹോദര്യം ഉണ്ടാക്കിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.