അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത് ഉത്തരാഖണ്ഡിലെ ഉയർന്ന പ്രദേശങ്ങളിലെ മഞ്ഞു വീഴ്ചയുടെ മനോഹര ചിത്രങ്ങളാണ്. ഇപ്പോഴിതാ കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങൾ മഞ്ഞിൽ പുതഞ്ഞു നിൽക്കുന്നതിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
രാജ്യത്തെ തന്നെ ഏറ്റവും പഴക്കമേറിയതും തനത് സംസ്‌കാരവുമായി ഇഴുകി ചേർന്നു നിൽക്കുന്നതുമായ ക്ഷേത്രമാണ് കേദാർനാഥ് ധാം. അതി ശൈത്യകാലത്തെ മഞ്ഞുവീഴ്ചക്കാണ് ക്ഷേത്രം ഇപ്പോൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കേദാർനാഥ് ക്ഷേത്രവും
സമീപ പ്രദേശങ്ങളിലെ മലകളും മഞ്ഞാൽ മൂടപ്പെട്ട് കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
കൂടാതെ ബദരീനാഥിലും ശൈത്യകാലമാണ്. ഇവിടവും മഞ്ഞുകണങ്ങളാൽ മൂടപ്പെട്ട് കിടക്കുന്നത് കാണാം. ഹിമാചൽ പ്രദേശ്, ജമ്മുകശ്മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പർവത നിരകളിലും കനത്ത മഞ്ഞുവീഴ്ചയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഡെറാഡൂണിലെ ഹേമകുണ്ഡ് സാഹിബ്, നന്ദാദേവീ നാഷണൽ പാർക്ക്, കേദാർനാഥ്, ഗംഗോത്രി, യമുനേത്രി, ചക്രത എന്നിവിടങ്ങളും മഞ്ഞുമൂടി കിടക്കുകയാണ്. ശൈത്യകാലത്ത് മഞ്ഞുവീഴ്ചയുള്ള രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഉത്തരാഖണ്ഡ്.















