തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ അതൃപ്തി പ്രകടിപ്പിച്ച് ഭക്ഷ്യ വകുപ്പ്മന്ത്രി ജി. ആർ അനിൽ. ബജറ്റിൽ സപ്ലൈകോയ്‌ക്ക് പണം അനുവദിക്കാത്തതാണ് അതൃപ്തിക്ക് പിന്നിലെ കാരണം. കരാറുക്കാർക്ക് കോടികൾ കുടിശിക നൽകാനുള്ള പണവും ബജറ്റിൽ പ്രഖ്യാപിച്ചില്ല. ബജറ്റ് അവതരണ ശേഷം ധനമന്ത്രിക്ക് കൈകൊടുക്കാനും ഭക്ഷ്യമന്ത്രി വിസമ്മതിച്ചിരുന്നു. സിപിഐയിലെ മറ്റ് മന്ത്രിമാർക്കും ബജറ്റിൽ അതൃപതിയുണ്ട്.
സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ ക്ഷാമം പരിഹാരിക്കാനുള്ള നിർദ്ദേശങ്ങൾ ബജറ്റിലുണ്ടായേക്കുമെന്ന് സൂചനയുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ സബ്സിഡി സാധനങ്ങൾ വിതരണം ചെയ്തവകയിൽ സപ്ലൈകോയ്‌ക്ക് ഏറെനാളായി സർക്കാർ പണം നൽകിയിട്ടില്ല. കോടികൾ കുടിശികയായതോടെ സാധനങ്ങൾ നൽകാൻ കരാറുകാരും തയ്യാറല്ല. ആറ് മാസത്തിലധികമായി സപ്ലൈകോ ഔട്ട്‌ലൈറ്റുകളിൽ സബ്‌സിഡി സാധാനങ്ങളും കിട്ടാനില്ല.
സർക്കാരിനോട് സബ്സിഡി നൽകിയ ഇനത്തിലുള്ള 1094.55 കോടി രൂപയാണ് സപ്ലൈകോ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഇതുവരെ 215 കോടി രൂപ നൽകിയിട്ടുണ്ട്.
ഇതിൽ 2022-23 സാമ്പത്തികവർഷം ഒരുരൂപപോലും സർക്കാർ നൽകിയിട്ടില്ല.