മിമിക്രിക്കാരെല്ലാം മമ്മൂട്ടി ഏതോ ഒരു സിനിമയിൽ ചെയ്ത കാര്യമാണ് ഇപ്പോഴും അനുകരിക്കുന്നതെന്ന് കലോഭവൻ ഷാജോൺ. ടിനി ടോമൊക്കെ ചെയ്യുന്നത് കണ്ടാൽ മമ്മൂക്ക അപ്പോൾ അടിക്കുമെന്നും എങ്കിലും അദ്ദേഹം നന്നായി എൻജോയ് ചെയ്യാറുണ്ടെന്നും ഷാജോൺ പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്.
‘ഒരാൾ നമ്മളെയൊക്കെ അനുകരിക്കുമ്പോൾ സ്വയം ധരിച്ചുവച്ചിരിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. എന്നാൽ, ശരിക്കുള്ള കാര്യം ഒരിക്കലും അതൊന്നുമായിരിക്കില്ല. പ്രത്യേകിച്ച് മിമിക്രിക്കാർ ചെയ്യുമ്പോൾ കുറച്ചും കൂടി കൂട്ടിയായിരിക്കും എല്ലാം ചെയ്യുന്നത്. ജനങ്ങളും അതാണ് ഇഷ്ടപ്പെടുന്നത്.
മമ്മൂക്കയെ ചെയ്യുമ്പോൾ സാധാരണ എല്ലാവരും കൈകുത്തിയല്ലേ കാണിക്കുന്നത്. മമ്മൂക്ക എന്നോ സിനിമയിൽ ചെയ്ത കാര്യമാണത്. മിമിക്രിക്കാരെല്ലാം അത് തന്നെയാണ് ചെയ്യുന്നത്. ടിനിയൊക്കെ മിമിക്രി ചെയ്യുന്നത് കണ്ടാൽ അപ്പോൾ തന്നെ അടിക്കും. പക്ഷെ, മമ്മൂക്കയ്‌ക്ക് ഇതൊക്കെ ഭയങ്കര ഇഷ്ടമാണ്. അദ്ദേഹം അത് നന്നായി എൻജോയ് ചെയ്യാറുണ്ട്.
ലാലേട്ടനെയാണെങ്കിലും സത്യൻ മാഷിനെയാണെങ്കിലും ചിലർ ചെയ്യുന്നത് കണ്ടാൽ ആർക്കായാലും തോന്നും കുറച്ച് കൂടുതലാണെന്ന്. അങ്ങനെയൊക്കെ ചെയ്താലെ ആരെങ്കിലുമൊക്കെ ചിരിക്കൂ. അതൊരിക്കലും ആരെയും അപമാനിക്കാനല്ല.’- കലാഭവൻ ഷാജോൺ പറഞ്ഞു.















