യുവതാരനിരയെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‌സ്. കൊച്ചിയിൽ നിന്നും വിനോദയാത്രക്കായി കൊടൈക്കനാലിൽ എത്തുന്ന ഒരു സംഘം യുവാക്കളെ ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവവികാസങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി തുടങ്ങിയവരും ശ്രീ ഗോകുലം മൂവീസും ചേർന്നാണ് ചിത്രം പ്രേക്ഷരിലേക്ക് എത്തിക്കുന്നത്.
View this post on Instagram
ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വിനോദയാത്രക്കിടെ തടാകത്തിൽ ബോട്ടിംഗ് ചെയ്യുന്ന ചിത്രമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ സൗബിൻ സാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അരുൺ കുര്യൻ തുടങ്ങി യുവ താരങ്ങളും പ്രധാന വേഷത്തിൽ എത്തുന്നു.
ചിത്രം ഈ മാസം തീയേറ്ററിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ജാൻ എ മൻ എന്ന സൂപ്പർ ഹിറ്റ് സിനിമയ്‌ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഞ്ഞുമ്മൽ ബോയ്സിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിദംബരം തന്നെയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷൈജു ഖാലിദാണ്. സംഗീതം ഒരുക്കുന്നത് സുശിൻ ശ്യാമാണ്.















