പഴയതും ഉപയോഗിക്കാൻ സാധിക്കാത്തതുമായ ട്രെയിൻ കോച്ചുകൾ റസ്‌റ്റോറന്റാക്കി മാറ്റാനുള്ള പദ്ധതിയുമായി റെയിൽവേ. വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. റെയിൽവേയുടെ പുതിയ സംരംഭം വൈകാതെ കേരളത്തിലേക്കും എത്തുമെന്നാണ് പ്രതീക്ഷ. റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമാകും കോച്ചുകളിലെ റസ്‌റ്റോറന്റുകൾ പ്രവർത്തിക്കുക. പഴയ ട്രെയിൻ കോച്ചുകൾ ഉപയോഗിച്ച് ആഡംബര രീതിയിൽ എസി ഡൈനിംഗ് ഹാൾ സജ്ജമാക്കുകയാണ് റെയിൽവേ ലക്ഷ്യം വയ്‌ക്കുന്നത്.
ഹോട്ടൽ മേഖലയിലെ പ്രശസ്ത ബ്രാൻഡുകളാണ് ട്രെയിൻ കോച്ചുകളിലെ റസ്‌റ്റോറന്റ് പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിലാകും റസ്റ്റോറന്റ് സജ്ജമാക്കുക. ഒരേസമയം 48 പേരെ വരെ ഇതിൽ ഉൾക്കൊള്ളും. രുചികരമായ നോർത്ത്, സൗത്ത് ഇന്ത്യൻ ഭക്ഷണം ഇവിടെ ലഭ്യമായിരിക്കും. മുംബൈ അന്ധേരി റെയിൽവേ സ്‌റ്റേഷനിൽ വെസ്‌റ്റേൺ റെയിൽവേ ഇത് വിജയകരമായി നടപ്പിലാക്കിയിരുന്നു.















