സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഭ്രമയുഗം. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് സിനിമയിൽ മമ്മൂട്ടിയെത്തുന്നത്. ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകളും അതിശയത്തോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ബഡ്ജറ്റിനെ സംബന്ധിച്ചൊരു വാർത്തയാണ് പുറത്ത് വരുന്നത്.
വെറും 2 കോടിയിലാണ് ചിത്രം പൂർത്തിയാക്കിയതെന്നായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ ആദ്യം നിറഞ്ഞുനിന്ന വാർത്ത. ബ്ലാക്ക് ആന്റ് വൈറ്റ് ആയതുകൊണ്ട് വലിയ ബഡ്ജറ്റിന്റെ ആവശ്യമില്ലെന്നായിരുന്നു സിനിമാ ആരാധകരുടെ കണ്ടെത്തൽ. എന്നാൽ, ഈ നിഗമനങ്ങളൊക്കെ തെറ്റെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലിലൂടെ മനസിലാക്കുന്നത്.
ചിത്രത്തിന്റെ ആകെ ബഡ്ജറ്റ് നിർമ്മാതാക്കളിൽ ഒരാളായ രാമചന്ദ്ര ചക്രവർത്തിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
പബ്ലിസിറ്റി ചിലവ് ഉൾപ്പെടാതെ ചിത്രത്തിന് 27.73 കോടി രൂപ ബഡ്ജറ്റ് വന്നുവെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എക്സിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് താഴെയാണ് രാമചന്ദ്ര ചക്രവർത്തി ആകെ ചിലവ് എത്രയണെന്ന് കമന്റ് ചെയ്തിരിക്കുന്നത്.
Budget – 25cr pic.twitter.com/ypZoGOOIxA
— heyopinions (@heyopinions) February 4, 2024
ഫെബ്രുവരി 15-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. രാഹുൽ സദാശിവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഭ്രമയുഗം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഛായാഗ്രഹണം-ഷെഹ്‌നാദ് ജലാൽ, ചിത്രസംയോജനം-ഷഫീഖ് മുഹമ്മദ് അലി, സംഗീതം-ക്രിസ്റ്റോ സേവ്യർ, സൗണ്ട് ഡിസൈൻ-ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്സ്-എം.ആർ രാജകൃഷ്ണൻ, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-മെൽവി ജെ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.















