ലണ്ടൻ: ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവിന് അർബുദം സ്ഥിരീകരിച്ചു. ബക്കിംഗ്ഹാം കൊട്ടാരമാണ് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചത്. ചികിത്സ ഉടൻ തുടങ്ങുമെന്ന് കൊട്ടാരം അധികൃതർ വ്യക്തമാക്കി. എന്തുതരം അർബുദമാണ് രാജാവിന് ബാധിച്ചിരിക്കുന്നതെന്ന് പരാമർശിച്ചിട്ടില്ല.
പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വികാസവുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ മൂലം ചാൾസ് രാജാവിനെ കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ നടത്തിയ വിശദമായ പരിശോധനകളിലാണ് അദ്ദേഹത്തിന് കാൻസർ ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. നിലവിൽ കൊട്ടാരത്തിലാണ് അദ്ദേഹം കഴിയുന്നതെന്നും ചികിത്സാ ആവശ്യങ്ങൾക്കായി പോകുന്ന സാഹചര്യത്തിൽ വൈകാതെ തന്നെ ഔദ്യോഗിക ചുമതലകളിൽ നിന്ന് താത്കാലികമായി ഒഴിയുമെന്നും അധികൃതർ അറിയിച്ചു.
75-കാരനായ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്ത പുറത്തുവരുമ്പോൾ ഉണ്ടാകാനിടയുള്ള ഊഹാപോഹങ്ങൾ അവസാനിപ്പിക്കാനാണ് അർബുദ ബാധയെക്കുറിച്ച് വെളിപ്പെടുത്താൻ രാജാവ് തന്നെ ആവശ്യപ്പെട്ടതെന്ന് കൊട്ടാരം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ കാൻസറിനോട് പൊരുതുന്ന ലോകത്തെമ്പാടുമുള്ള മനുഷ്യർക്ക് വേണ്ടി കൂടിയാണ് വിവരം പങ്കുവയ്‌ക്കാൻ രാജാവ് തയ്യാറായതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.















