ന്യൂഡൽഹി: പുതിയ കരസേനാ ഉപമേധാവിയായി ലെഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയെ നിയമിച്ചു. ഈ മാസം 15നാണ് കരസേനയുടെ ഉപമേധാവിയായി അദ്ദേഹം ചുമതലയേൽക്കുന്നത്. ലഫ്റ്റനൻ്റ് ജനറൽ എംവി ശുചീന്ദ്ര കുമാറിന് പകരക്കാരനായാണ് ദ്വിവേദി ചുമതലയേൽക്കുന്നത്.
സൈനിക ആസ്ഥാനത്ത് ഡെപ്യൂട്ടി ചീഫായും ഇൻഫൻട്രി ഡയറക്ടർ ജനറലായും ഉപേന്ദ്ര ദ്വിവേദി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് വർഷത്തോളം നോർത്തേൺ കമാൻഡിൽ സേവനമനുഷ്ഠിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷങ്ങളിലുൾപ്പെടെ രാജ്യത്തിന്റെ സുപ്രധാന ഘട്ടങ്ങളിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിരുന്നു.
2024 മെയ് 31-ന് നിലവിലെ കരസേനാ മേധാവിയായ മനോജ് പാണ്ഡെ വിരമിക്കുമ്പോൾ ദ്വിവേദിയെയായിരിക്കും അടുത്ത കരസേനാ മേധാവി സ്ഥാനത്തേക്ക് നിയമിക്കുക. പാകിസ്താൻ, ചൈന അതിർത്തികൾ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം നോർത്തേൺ കമാൻഡിനാണ്. കൂടാതെ കശ്മീരിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലും പ്രധാന പങ്കുവഹിക്കുന്നു.















