ന്യൂഡൽഹി: വിവാഹബന്ധം വേർപ്പെടുത്തിയെന്ന് കരുതി കുട്ടികളുടെ സ്കൂൾ രേഖകളിൽ കുട്ടിയുടെ പിതാവിന്റെ പേര് രേഖപ്പെടുത്തുന്നത് നിഷേധിക്കാൻ അമ്മയ്ക്ക് അധികാരമില്ലെന്ന് ഡൽഹി ഹൈക്കോടതി. കുട്ടികളുടെ സ്കൂൾ രേഖകളിൽ അമ്മയുടേയും അച്ഛന്റേയും സ്ഥാനമോ പേരോ ഇല്ലാതാക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
സ്‌കൂൾ രേഖകളിൽ രണ്ട് മാതാപിതാക്കളുടെയും പേരുകൾ ചേർക്കാനും രണ്ടാഴ്ചയ്‌ക്കുള്ളിൽ തിരുത്തൽ നടപടികൾ സ്വീകരിക്കാനും കോടതി സ്‌കൂളിനോട് നിർദ്ദേശിച്ചു. കുട്ടിയുടെ പിതാവ് നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. കുട്ടിയുടെ പിതാവെന്ന നിലയിൽ സ്‌കൂൾ രേഖകളിൽ തന്റെ പേര് ചേർക്കണമെന്ന ആവശ്യവുമായാണ് പിതാവ് കോടതിയെ സമീപിച്ചത്.















