ന്യൂഡൽഹി: എസ്എൻസി ലാവ്ലിൻ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. 38-ാം തവണയാണ് സുപ്രീംകോടതി കേസ് മാറ്റുന്നത്. ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ മൂന്ന് പേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ സമർപ്പിച്ച അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് പരിഗണിച്ചത്. കേസെടുക്കാൻ സിബിഐയ്‌ക്ക് താത്പര്യമില്ലെന്ന് കക്ഷികളിൽ ഒരാളുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ കോടതി പറയുന്ന സമയത്ത് വാദിക്കാൻ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. തുടർന്ന് കോടതി കേസ് മെയ് ഒന്നിലേക്ക് മാറ്റി വെക്കുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബർ 31-നായിരുന്നു കേസ് അവസാനമായി മാറ്റിയത്. ഹർജികൾ ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും മറ്റ് രണ്ട് ഹർജികളിൽ വാദം കേൾക്കുന്നത് നീണ്ടതോടെ വൈകിയാണ് ഹർജികൾ പരിഗണനയ്‌ക്കെടുത്തത്. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി. ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി സംസ്ഥാനത്തിന് നഷ്ടം സംഭവിച്ചെന്നുമാണ് കേസ്.















