പനാജി: ഒരു ദിവസത്തെ സന്ദർശനത്തിനായി ഗോവയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗോവയിൽ ‘സീ സർവൈവൽ സെന്റർ’ ഉദ്ഘാടനം ചെയ്തു. ഏതെങ്കിലും പ്രതികൂല സാഹചര്യത്തിൽ കടലിൽ അകപ്പെട്ടു പോവുകയാണെങ്കിൽ അതിനെ അതിജീവിക്കുന്നതിനായി പരിശീലനം നൽകുക എന്നതാണ് സീ സർവൈവൽ സെന്ററിന്റെ പ്രഥമ ലക്ഷ്യം. പ്രതിവർഷം 10,000 മുതൽ 15,000 പേർക്ക് വരെ പരിശീലനം നൽകും.
പ്രതികൂല സാഹചര്യങ്ങളിലും പ്രളയം പോലുള്ള ദുരന്തങ്ങളിലും സ്വയം രക്ഷനേടാൻ യുവാക്കളെ പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഈ മാസം ആറ് മുതൽ ഒമ്പത് വരെ നടക്കുന്ന എനർജി വീക്ക് 2024 സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി ഗോവയിലെത്തിയത്. വിവിധ രാജ്യങ്ങളിലെ എണ്ണ, വാതക കമ്പനികളിലെ സിഇഒമാരുമായും വിദഗ്ധരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും
വിവിധ രാജ്യങ്ങളിൽ നിന്നും 17 ഊർജ മന്ത്രിമാർ സമ്മേളനത്തിൽ പങ്കെടുക്കും. ഗോവയിൽ നടക്കുന്ന പൊതുപരിപാടിയിൽ 1,330 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. വികസിത് ഭാരത്, വികസിത് ഗോവ തുടങ്ങിയ പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കും.